ഉസ്മാന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താൻ എന്‍ഐഎ; വാറണ്ടിനായി കോടതിയെ സമീപിച്ചു

thaha-alan-2
കേസിലെ പ്രധാന പ്രതികളായ അലനും താഹയും
SHARE

മാവോയിസ്റ്റ് നേതാവും പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് പ്രതിയുമായ പി. ഉസ്മാന്‍റെ അറസ്റ്റ് എന്‍ഐഎ ഉടന്‍ രേഖപ്പെടുത്തും. ഉസ്മാന് വേണ്ടി പ്രൊഡക്ഷന്‍ വാറണ്ട് അനുവദിക്കാന്‍ എന്‍ഐഎ കോടതിയെ സമീപിച്ചു. കേരളാ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയ ഉസ്മാന്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്.

മലപ്പുറത്ത് കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാവ് പി. ഉസ്മാന്‍ പന്തീരാങ്കാവ് കേസിലെ മൂന്നാം പ്രതിയാണ്. കേസിലെ  പ്രധാന പ്രതികളായ അലനും താഹയ്ക്കും മാവോയിസ്റ്റ് ലേഖനങ്ങള്‍ കൈമാറിയെന്ന കുറ്റമാണ് ഉസ്മാനെതിരെയുള്ളത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ള സംവിധാനങ്ങളൊന്നും ഉപയോഗിക്കാത്ത നഗരമാവോയിസ്റ്റ് ഏരിയ നേതാവായാണ് ഉസ്മാന്‍ അറിയപ്പെടുന്നത്. പന്തീരാങ്കാവ് കേസില്‍ ഉസ്മാന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി എന്‍ ഐഎ കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ഉസ്മാന്‍ ആരുടെ കസ്റ്റഡിയിലാണെന്നും ഉസ്മാെനതിരായ മറ്റു കേസുകളുടെ വിശദാംശങ്ങളും തിങ്കളാഴ്ച അറിയിക്കാന്‍ എന്‍ഐഎ കോടതി സര്‍ക്കാര്‍ അഭിഭാഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷമേ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കൂ. 

കേസില്‍  ഉസ്മാനും അലനും താഹയ്ക്കുമെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഉസ്മാനെ ചോദ്യം ചെയ്യാത്തിനാല്‍ കുറ്റം ചാര്‍ത്താനായിട്ടില്ല. കേസില്‍ അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യത്തിലും താഹഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...