വിറക് പുരയ്ക്കുള്ളില്‍ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്പിരിറ്റ് ഗോഡൗണ്‍; പിടിവീണു

kootanadu-spirit
SHARE

പാലക്കാട് തൃത്താല കൂറ്റനാട്ടില്‍ വിറക് പുരയ്ക്കുള്ളില്‍ കണ്ടെത്തിയ സ്പിരിറ്റ് ഗോഡൗണ്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നതെന്ന് എക്സൈസ്. വീട്ടുടമ അജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പാലക്കാട് ജില്ലകളിലെ വിവിധ കള്ള് ഷാപ്പുകളിലേക്കാണ് സ്പിരിറ്റ് മൊത്തവിതരണം നടത്തിയിരുന്നത്. ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സംഘം ചരക്ക് വാഹനങ്ങളില്‍ സ്പിരിറ്റ് എത്തിച്ചിരുന്നത്.

വിറകുപുരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് രണ്ടായിരത്തി അഞ്ഞൂറ് ലീറ്റര്‍ സ്പിരിറ്റ്. ഒരാളുടെ മാത്രം നേതൃത്വത്തില്‍ സ്പിരിറ്റ് എത്തിക്കാനും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയില്ലെന്ന് വ്യക്തമായിരുന്നു. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സാന്നിധ്യം മനസിലാക്കി രക്ഷപ്പെട്ട വീട്ടുടമ അജിയെ പിന്തുടര്‍ന്നായിരുന്നു പിന്നീടുള്ള അന്വേഷണം. ഷാപ്പ് ലൈസന്‍സിയുടെ ഡ്രൈവറായി പ്രവര്‍ത്തിക്കുന്ന അജിക്കായിരുന്നു സ്പിരിറ്റിന്റെ വിതരണച്ചുമതല. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ചരക്ക് വാഹനങ്ങളിലെത്തിക്കുന്ന സ്പിരിറ്റ് കാറിലേക്ക് മാറ്റി വിറക് പുരയില്‍ എത്തിക്കുന്നതാണ് ആദ്യഘട്ടം. 

കന്നാസെന്ന് പുറത്തറിയാതിരിക്കാന്‍ കാര്‍ബോഡ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. വിളിയെത്തുന്നതിന് അനുസരിച്ച് ഓരോ ഷാപ്പുകളിലേക്കും അജി നേരിട്ട് ആഢംബര വാഹനത്തിലും ജീപ്പിലുമായി സ്പിരിറ്റെത്തിക്കും. നിരവധി യുവാക്കളും ഷാപ്പ് തൊഴിലാളികളും അജിയുടെ സഹായികളായി പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണമായും പണം മുടക്കുന്നത് ഷാപ്പ് ലൈസന്‍സിയാണ്. ലാഭവിഹിതം അജിയ്ക്കും മറ്റ് തൊഴിലാളികള്‍ക്കും നല്‍കും. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് ഗോഡൗണിന് എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...