ഭീതി പരത്തി നായ്ക്കളും ആയുധങ്ങളുമായി നായാട്ട് സംഘം; ഒരാള്‍ അറസ്റ്റിൽ

kanjirambuza-theft
SHARE

പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ഭീതി പരത്തി നായ്ക്കളും ആയുധങ്ങളുമായി പ്രത്യക്ഷപ്പെട്ട നായാട്ട് സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈനിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ നാലുപേര്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു. 

നായ്ക്കളെയും കൂട്ടി ആയുധങ്ങളുമായി അഞ്ചംഗ സംഘം റോഡിലൂടെ നടന്ന് നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തായത്. സംഘത്തെ ചിലര്‍ നേരിട്ട് കണ്ടെങ്കിലും ഭയം കാരണം ആരും ചോദ്യം ചെയ്തില്ല. മുഴുവന്‍ ആളുകളും ആയുധങ്ങള്‍ കരുതിയിരുന്നു. ഇതിനാല്‍ ആക്രമിക്കപ്പെടുമോ എന്ന ഭയമാണ് നാട്ടുകാര്‍ക്കുണ്ടായിരുന്നത്. പലതവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്നും നാട്ടുകാര്‍ വനപാലകരോട് പറഞ്ഞു. പതിവായി വാക്കോടന്‍ മലവാരം, കാഞ്ഞിരപ്പുഴ ഡാം പരിസരം എന്നിവിടങ്ങളില്‍ നായാട്ട് നനടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ നാലുപേര്‍ ഒളിവിലാണ്. 

ഷൈന്റെ കൈയ്യിലുണ്ടായിരുന്ന നായാട്ടിന് ഉപയോഗിക്കുന്ന കുന്തം, മൃഗങ്ങളുടെ തലയ്ക്ക് അടിക്കുന്ന ഇരുമ്പ് ദണ്ഡ‍് എന്നിവ പിടിച്ചെടുത്തു. വനത്തില്‍ അതിക്രമിച്ച് കടന്നതിനും വനം വന്യജീവി സംരക്ഷണ നിയപ്രകാരവുമാണ് പാലക്കയം റേഞ്ച് വനംവകുപ്പ് അധികൃതര്‍ കേസെടുത്തത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഘത്തിലുള്ള ഒരാളൊഴികെ മറ്റ് നാലുപേരും ഒളിവില്‍ പോയതെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിനായി പൊലീസും വനംവകുപ്പും സംയുക്തമായി വനാതിര്‍ത്തിയിലും പരിശോധിക്കും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...