ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച‌ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ayurarrest-1
SHARE

കൊല്ലം ആയൂരിൽ അക്രമി സംഘത്തിന്റെ കുത്തേറ്റ് ലോറി ഡ്രൈവര്‍ അജയന്‍പിളള മരിച്ച‌ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇത്തിക്കര സ്വദേശി ഇരുപതുകാരനായ അഖിലാണ് അറസ്റ്റിലായത്. കഞ്ചാവ് വാങ്ങാനുളള പണം കണ്ടെത്താനാണ് ലോറി ഡ്രൈവറെ കൊലപ്പെടുത്തിയത്. അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റിലായതോടെ മറ്റ് മൂന്നു പേര്‍ക്കായി അന്വേഷണം ഉൗര്‍ജിതമാക്കി. 

ലോറി ഡ്രൈവറായ കുണ്ടറ കേരളപുരം സ്വദേശി അജയൻപിള്ളയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. ഇത്തിക്കര വയലില്‍ പുത്തന്‍വീട്ടില്‍ ഇരുപതുകാരനായ അഖിലാണ് അറസ്റ്റിലായത്. ഇത്തിക്കര സ്വദേശി സുധിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്നുപേര്‍കൂടി കേസില്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ആയൂർ-അഞ്ചൽ റോഡിൽ ജവാഹർ ജംക്‌ഷനും കാട്ടുവമുക്കിനും മധ്യേ കളപ്പില വളവില്‍ കഴിഞ്ഞ 22 ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. റോ‍ഡ് വശത്ത് ലോറി നിര്‍ത്തി വിശ്രമിക്കുകയായിരുന്ന അജയന്‍പിളളയെ പ്രതികള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദ്യശ്യങ്ങള്‍ പ്രകാരമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ആദിച്ചനല്ലൂര്‍ ഇത്തിക്കര കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. മോഷണം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് തെളിഞ്ഞു. കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനാണ് കൊളളസംഘം വാഹനത്തിലുളളവരെ ആക്രമിച്ചതെന്നാണ് വിവരം. 

പ്രതികള്‍ രണ്ടു ഇരുചക്രവാഹനത്തിലാണ് രക്ഷപെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ഒരു ബൈക്ക് ഇത്തിക്കരയാറില്‍ നിന്ന് പൊലീസ് കണ്ടെത്തി. അജയന്‍പിളളയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് വീടുകളിലും മറ്റും മോഷണത്തിന് ശ്രമിച്ച സംഘം വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ രക്ഷപെടുകയായിരുന്നു. പ്രതികള്‍ ചാത്തന്നൂര്‍ ഭാഗത്തു നിന്ന് മൊബൈൽ ഫോണ്‍ തട്ടിയെടുത്തിരുന്നു. മറ്റ് പ്രതികളെക്കൂടി കസ്റ്റഡിയിലെടുത്താല്‍ മാത്രമേ കൊലപാതകത്തിന്റെ കൃത്യമായ ചിത്രം തെളിയുകയുളളു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...