മോഡലുകൾക്ക് കഞ്ചാവ് എത്തിച്ചിരുന്ന യുവാക്കൾ അറസ്റ്റിൽ

model'
SHARE

കൊച്ചിയിലെ മോഡലുകൾക്ക് പതിവായി കഞ്ചാവ് എത്തിച്ചിരുന്ന രണ്ട് യുവാക്കൾ പത്ത് കിലോ കഞ്ചാവുമായി പാലക്കാട് അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ ഗിരിധർ ജയകൃഷ്ണൻ എന്നിവരെയാണ് ആർ പി എഫും എക്‌സൈസും ചേർന്ന് പിടികൂടിയത്. മോഡലുകൾ യുവാക്കളുടെ പതിവ് ഇടപാടുകാരെന്ന് തെളിയിക്കുന്ന വാട്സ് ആപ്പ് ശബ്ദ സന്ദേശങ്ങൾ ലഭിച്ചു. 

വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് ശേഖരിക്കും. മുൻകൂർ ടിക്കറ്റ് ഉറപ്പാക്കി സാധാരണ യാത്രക്കാരെന്ന മട്ടിൽ കഞ്ചാവുമായിൽ ആലപ്പുഴയിൽ എത്തും. രഹസ്യ കേന്ദ്രത്തിൽ സൂക്ഷിക്കും. വിളി എത്തുന്നതനുസരിച്ച് നേരിട്ട് കഞ്ചാവ് കൈമാറും. കൊച്ചിയിലെ മോഡലുകളും കോളജ് വിദ്യാർഥിനികളുമാണ് പ്രധാന ഇടപാടുകാരെന്ന് ഇരുവരും മൊഴി നൽകി. മോഡലുകളുടെ ചിത്രങ്ങളും കഞ്ചാവ് ആവശ്യപ്പെട്ടുള്ള വാട്സ് ആപ്പ് സന്ദേശവും ശബ്ദരേഖയും ആർ പി എഫിന് ലഭിച്ചു. വാട്സ് ആപ്പ് വിളിയിലൂടെയാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. ഇത്തവണത്തെ യാത്രയിലും കൊച്ചിയിലെ ആവശ്യക്കാർ എവിടെയെത്തിയെന്നുള്ള അന്വേഷണം പലപ്പോഴായി നടത്തിയിരുന്നു. ട്രെയിൻ പാലക്കാടെത്തിയപ്പോഴാണ് ഇരുവരും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. ബാഗിൽ വസ്ത്രങ്ങളെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും കുടുങ്ങുകയായിരുന്നു. 

പിന്നാലെയാണ് മൊബൈലിലെ രഹസ്യങ്ങൾ പുറത്തായത്. യുവാക്കളുമായി ഇടപാട് നടത്തിയിരുന്നവരെ കണ്ടെത്താൻ കൂടുതൽ അന്വേഷിക്കും. ഇരുവരും നേരത്തെയും നിരവധി തവണ കഞ്ചാവ് കടത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്.

ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും കഴിഞ്ഞദിവസം ആഡ്രയിൽ നിന്നെത്തിച്ച പതിനേഴ് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഓണക്കാലത്തെ ട്രെയിൻ മാർഗമുള്ള ലഹരി കടത്ത് കണക്കിലെടുത്ത് പ്രത്യേക പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ രൂപം നൽകിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...