സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച: പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു

hosangadyTheft-1
SHARE

കാസർകോട് ഹൊസങ്കടിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞു. സംഘത്തിലുള്ളത് ഏഴുപേർ, എല്ലാവരും കർണാടക സ്വദേശികളാണ്. പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത കർണാടക പൊലീസ് മോഷണമുതലിന്റെ പകുതിയോളം വീണ്ടെടുത്തു. വാടകയ്ക്കെടുത്ത കാറുമായാണ് പ്രതികള്‍ കവര്‍ച്ചയ്ക്കിറങ്ങിയത്.  

ഇന്നലെ രാത്രിയാണ് കര്‍ണാടക ഉള്ളാൽ പൊലീസ് പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തത്. സംഘത്തലവനായ സൂറത്ത്കല്‍ സ്വദേശിയടക്കമുള്ളവരെല്ലാം കര്‍ണാടക സ്വദേശികളാണ്. കവര്‍ച്ചയ്ക്കിടെ പ്രതികളിലൊരാള്‍ മലയാളം പറഞ്ഞിരുന്നതായി ആക്രമിക്കപ്പെട്ട സുരക്ഷാ ജീവനക്കാരന്‍ അബ്ദുല്ല മഞ്ചേശ്വരം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സൂറത്ത്കല്ലിലെ റെന്‍റ് എ കാറില്‍നിന്ന് വാടകയ്ക്കെടുത്ത വാഹനവുമായാണ് പ്രതികള്‍ കവര്‍ച്ചയ്ക്കിറങ്ങിയത്. ചിക്കമംഗളൂരുവിലേ ബാബാ ബുദന്‍ ഗിരിയിലേക്ക് പോകുന്നു എന്നാണ് പ്രതികള്‍ റെന്‍റ് എ കാര്‍ ഉടമകളോട് പറഞ്ഞത്. വാഹനം വാടകയ്ക്ക് എടുത്തത് മുഹമ്മദ് ഗോസ് എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍ വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാല്‍ വാഹനം കേരള അതിര്‍ത്തി കടന്നതോടെ കാറുടമകള്‍ ഉള്ളാല്‍ പൊലീസില്‍ വിവരമറിയിച്ചു. അതിനിടെ ഹൊസങ്കടിയിലെ മോഷണം കഴിഞ്ഞ് മടങ്ങിയ ഇവര്‍ സഞ്ചരിച്ച കാറിനെ നമ്പര്‍ തിരിച്ചറിഞ്ഞ് കര്‍ണാടക ഉള്ളാല്‍ പൊലീസ് വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസിനെ ആക്രമിച്ച് വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം. പിന്നീട് വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴ് കിലോയോളം വെള്ളിയാഭരണങ്ങളും രണ്ടുലക്ഷത്തിനടുത്ത് രൂപയും കണ്ടെത്തി. പൊലീസിനെ ആക്രമിച്ചതിന് വധശ്രമമടക്കമുള്ള വകുപ്പുകള്‍ കര്‍ണാടക പൊലീസ് ചുമത്തിയിട്ടുണ്ട്. 15 കിലോഗ്രാം വെള്ളി, നാലര ലക്ഷം രൂപ, വാച്ചുകൾ എന്നിവയാണ് മോഷണം പോയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...