തളര്‍ന്നു കിടന്നുറങ്ങിയ ഡ്രൈവറുടെ നെഞ്ചില്‍ കത്തിയിറക്കി; ലോറിക്കൊള്ള, കൊല

crime-on-lorry
SHARE

അതിര്‍ത്തി കടന്ന് വരുന്ന ഇതരസംസ്ഥാനവാഹനങ്ങളെ കൊള്ളയടിക്കുന്ന കവര്‍ച്ചക്കാരുടെ സംഘം  നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ സജീവമാണ്. ഹൈവേക്കവര്‍ച്ചകളുടെ ഒട്ടേറെവാര്‍ത്തകള്‍ നാം കേള്‍ക്കുമ്പോള്‍ കേരളനിരത്തുകളില്‍ പേടിക്കാനില്ല എന്നതായിരുന്നു ധൈര്യം. പക്ഷേ ഇനി ഭയക്കണം. കൊല്ലം ആയൂരില്‍ ലോറി നിര്‍ത്തിയിട്ട് വിശ്രമിച്ച ഡ്രൈവര്‍ കൊലപ്പെട്ടുത്തി പണം കവര്‍ന്നു. കവര്‍ച്ചക്കുവേണ്ടി മുന്നിലുള്ളവരുടെ നെഞ്ചില്‍ കത്തികുത്തിയിറക്കാന്‍ വരെ ഭയമില്ലാതായി. മുമ്പ് ഉത്തരേന്ത്യന്‍ കവര്‍ച്ചസംഘമാണ്  കവര്‍ച്ചക്കുവേണ്ടി ജീവന്‍ അരിഞ്ഞുതള്ളിയിരുന്നതെങ്കില്‍ ഇപ്പോള്‍ നമ്മുടെ മലയാളികള്‍ ആ നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു എന്നതാണ് ഞെട്ടിക്കുന്നത്. വിഡിയോ കാണാം. 

കോവിഡ് കാലത്തുപോലും അതിര്‍ത്തികടന്നുപോയി മലയാളികള്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ ലോറികള്‍ പരക്കം പാഞ്ഞിരുന്നു...രാത്രിയും പകലും വ്യത്യാസമില്ലാതെ. നൂറുകണക്കിന് കിലോമീറ്ററുകള്‍ ദിവസങ്ങളോളം പിന്നിട്ട്  ലോറി ഒാടിക്കുന്ന ഡ്രൈവര്‍മാര്‍. റോഡരികില്‍ വിശ്രമിച്ചും ഭക്ഷണം പാകം ചെയ്തു കഴിച്ചും  ചെലവുചുരുക്കി അധ്വാനിക്കാന്‍ ഇവര്‍ പഠിച്ചുകഴിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞാണ് പലരും വീട്ടിലെത്തുന്നത്. ലോഡുമായി പോയി തിരിച്ച് ലോറിക്ക് ലോഡുകിട്ടാന്‍ ദിവസങ്ങളോളം റോഡരികില്‍ കാത്തുകിടക്കേണ്ടിവരും ഈ  ഡ്രൈവര്‍മാര്‍ക്ക്. ലോഡുതേടിയുള്ള ആ യാത്ര അങ്ങനെ തുടരുന്നു.

വഴിയരികില്‍ കിടന്നുറങ്ങി കഷ്ട്ടപ്പെട്ട് ജീവിതം മുന്നോട്ടുനീക്കുന്നവരില്‍ ഒരാള്‍ അജയന്‍പിള്ള. തിരുവനന്തപുരത്ത് കാലിത്തീറ്റയും ഇറക്കി തിരിച്ച് അഞ്ചലിലേക്ക് തിരിച്ചതായിരുന്നു അന്നും അജയന്‍പിള്ള. രാവിലെ അഞ്ചൽ അഗസ്ത്യക്കോട് ഭാഗത്തെ കടയിൽ നിന്നു റബർ ഷീറ്റ് കയറ്റി കോട്ടയത്തേക്കു കൊണ്ടു പോകാനായിരുന്നു അജയൻപിള്ളയുടെ ഉദ്ദേശം. സ്ഥിരമായി പോകാറുളള വഴി. അഞ്ചല്‍ ആയൂര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ കഴിഞ്ഞ് അജയന്‍ പിള്ള സ്ഥിരമായി ലോറി ഒതുക്കിഇട്ട് വിശ്രമിക്കാറുള്ള സ്ഥലം ലക്ഷ്യമാക്കിയായിരുന്നു യാത്ര. ജവാഹർ ജംക്‌ഷനും കാട്ടുവമുക്കിനും മധ്യേ കളപ്പില വളവിലെ മാവിന്‍ ചുവട്ടിലേക്ക് തണുപ്പിലേക്ക് ലോറി നിര്‍ത്തി.

പിറ്റേന്ന് രാവിലെ ലോഡ് എടുക്കുന്നത് വരെ പതിവുപോലെ ലോറിയില്‍ കിടക്കാനായിരുന്നു അജയന്‍പിള്ളയുടെ തീരുമാനം. ഫോണ്‍ വിളിച്ചും ഡ്രൈവര്‍ കാമ്പിനില്‍ ഉറങ്ങിയും സമയം തള്ളിനീക്കി. ഇതിനിടെ ഭക്ഷണവും പാകം ചെയ്തു. രാത്രിയോടെ വീണ്ടും കാമ്പിനില്‍ ഉറങ്ങി. ഇടക്കിടെ പുറത്തിറങ്ങും അപ്പോഴൊന്നും അസ്വഭാവികമായി ഒന്നും അജയന്‍പിള്ളക്ക് തോന്നിയില്ല. പക്ഷേ അയുധങ്ങളുമായി കിലോമീറ്ററുകള്‍പ്പപ്പുറത്തുനിന്ന്  ബൈക്കുകളില്‍ കവര്‍ച്ച സംഘം നിരത്തിലെത്തി ജോലി തുടങ്ങിയിരുന്നു.

ഒരു മണിയോടെ അജയന്‍പിള്ളയുടെ ലോറിയുടെ സമീപത്തും കവര്‍ച്ചാസംഘമെത്തി. അജയന്‍പിള്ളയില്‍ നിന്ന് പണം കൈവശപ്പെടുത്താനുള്ള ശ്രമം തടഞ്ഞതോടെ സംഘം അജയന്‍പിള്ളയെ കുത്തിവീഴ്ത്തി. കൈവശമുണ്ടായിരുന്ന പണവുമെടുത്ത് ബൈക്കില്‍ രക്ഷപെട്ടു. ആശുപത്രിയിലെത്തുംമുമ്പേ അജയന്‍പിള്ള മരിച്ചു. പ്രാഥമീക അന്വേഷണത്തില്‍ തന്നെ കവര്‍ച്ചക്കുവേണ്ടിയുള്ള കൊലയെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ടുബൈക്കുകളിലായി എത്തിയ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് തെളിഞ്ഞു. അജയന്‍പിള്ളയുടെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. തുടയില്‍ ഏറ്റ കുത്തില്‍ പ്രധാനഞെരമ്പ് മുറിഞ്ഞിരുന്നു. രക്തം വാര്‍ന്നാണ് അജയന്‍പിള്ള മരിച്ചതെന്നാണ് നിഗമനം.

ലോറി കിടക്കുന്നതിനു 30 മീറ്റർ മാറിയാണ് അജയൻ പിള്ളയുടെ ഷർട്ട് കണ്ടെത്തിയത്. ഇത് അക്രമിസംഘം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. കൊലപാതകത്തിന് മുന്‍പ് സമീപത്തെ വീടുകളിൽ മോഷണശ്രമമുണ്ടായി.ലോറി കിടന്നതിന്റെ സമീപത്തുള്ള കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളിനെയും അക്രമിസംഘം ഭീഷണിപ്പെടുത്തിയിരുന്നു. ലോറിഡ്രൈവറുടെ കൊലപാതകത്തോടെ വഴിയരികില്‍ വിശ്രമിച്ചിരുന്ന ലോറിഡ്രൈവര്‍മാരെല്ലാം ഭിതിയിലായി.

MORE IN Kuttapathram
SHOW MORE
Loading...
Loading...