മുന്‍ ഗതാഗത മന്ത്രിക്കെതിരെ അനധികൃത സ്വത്ത് സമ്പാദത്തിനു കേസ്

tamil-nadu-former-minster-c
SHARE

തമിഴ്നാട് മുന്‍ ഗതാഗത മന്ത്രിക്കെതിരെ അനധികൃത സ്വത്ത് സമ്പാദത്തിനു കേസ്. ദിവസങ്ങള്‍ നീണ്ടുനിന്ന വിജിലന്‍സ് റെയ്ഡില്‍ 10 കോടി രൂപയുടെ അനധികൃത ആസ്തികള്‍ കണ്ടെടുത്തതിനു പിന്നാലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രമുഖ നേതാവ് കൂടിയായ എം.ആര്‍. വിജയ ഭാസ്കര്‍ കേസില്‍ പെട്ടതോടെ അണ്ണാ ഡി.എം.കെ പ്രതിസന്ധിയിലായി. അണ്ണാഡി.എം.കെ മന്ത്രിമാരുടെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്ന് ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണ്. എടപ്പാടി പളനിസാമി സര്‍ക്കാരിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണു  വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി.കന്തസ്വാമിയെ വിജിലന്‍സ് തലപ്പത്തേക്കു കൊണ്ടുവന്നത്. മാസങ്ങള്‍ നീണ്ട വിവരശേഖരണത്തിനുശേഷം  വ്യാഴാഴ്ച മുന്‍മന്ത്രിമാരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് തുടങ്ങി. മുന്‍ഗതാഗത മന്ത്രി എം. ആര്‍. വിജയഭാസ്കറിന്റെ വീട്ടില്‍ നിന്നായിരുന്നു തുടക്കം. ദിവസങ്ങള്‍ നീണ്ടുനിന്ന റെയ്ഡില്‍ 10.68 കോടി രൂപയുടെ അനധികൃത സ്വത്തുക്കളുടെ രേഖകളാണു പിടിച്ചെടുത്തത്. തൊട്ടുപിറകെ കേസ് റജിസ്റ്റര്‍ ചെയ്തു വിജയ ഭാസ്കര്‍,ഭാര്യ വിജയലക്ഷ്മി,സഹോദരന്‍ ആര്‍. ശേഖര്‍ എന്നിവര്‍ക്കെതിരെയാണു കേസ്. 

മന്ത്രിയായിരിക്കുമ്പോള്‍ വിജയഭാസ്കര്‍ കരൂരില്‍ റെയിന്‍ബോ ഡ്രയേഴ്സ്, റയിന്‍ബോ ബ്ലൂ മെറ്റല്‍സ് എന്നീ സ്ഥാപനങ്ങളുടെ പേരില്‍ 8 കോടിയുടെ സ്വത്തുക്കള്‍ വാങ്ങിയെന്നാണു കണ്ടെത്തല്‍. ഇരു കമ്പനികളിലും മന്ത്രിയും ഭാര്യയും പങ്കാളികളാണന്നതിന്റെ തെളിവുകളും വിജിലിന്‍സിനു കിട്ടിയിട്ടുണ്ട്. ഇതേ കാലയവളവില്‍ മന്ത്രിയും കുടുംബവും 2.68 കോടി അനധികൃതമായി സമ്പാദിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു. കരൂര്‍ ,ചെന്നൈ, ചെങ്കല്‍പേട്ട് എന്നിവടങ്ങിലെ 26 കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാകുന്നതോടെ അനധികൃത സ്വത്തുക്കളുടെ കണക്ക്  ഇനിയും കൂടുമെന്നാണു സൂചന. അതേസമയം വിജിലന്‍സ് നടപടി അണ്ണാ ഡി.എം.കെയെ പ്രതിസന്ധിയിലാക്കി. പ്രമുഖ നേതാവ് തന്നെ കേസില്‍ കുടുങ്ങിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ വിജിലിന്‍സ് നടപടിയുണ്ടാകുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...