എഡിജിപിയുടെ പേരിൽ പണം തട്ടാൻ ശ്രമം; ബാങ്ക് ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ

adgp-cheating-2
SHARE

എഡിജിപി വിജയ് സാഖ്റേയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരനും സുഹൃത്തും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മധുരയില്‍നിന്നാണ് രണ്ടുപേരും കൊച്ചി സൈബര്‍ പൊലീസിന്റെ പിടിയിലായത്. നിരക്ഷരരായ ഗ്രാമീണരുടെപേരില്‍ അവരറിയാതെ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളാണ് സംഘം തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെപേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയതിന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എ.ഡി.ജി.പി വിജയ് സാഖ്റെയുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ ഉത്തര്‍പ്രദേശ് മധുര ജില്ലയിലെ ചൗക്കിബംഗാര്‍ സ്വദേശികളായ മുഷ്താഖ് ഖാന്‍, നിസാര്‍ എന്നിവരാണ് ചൊവ്വ സൈബര്‍ പൊലീസിന്റെ പിടിയിലായത്. 

മുഷ്താഖ് ഖാന്‍ ബാങ്ക് ജീവനക്കാരനാണ്. വ്യാജ പ്രൊഫൈലില്‍നിന്ന് ആദ്യം സൗഹൃദ സന്ദേശവും പിന്നീട് അത്യാവശ്യമെന്നപേരില്‍ പണം ആവശ്യപ്പെടുന്നതുമാണ് തട്ടിപ്പുരീതി. പണം അയക്കാന്‍ ഗൂഗിള്‍പേ പോലുള്ള ഓണ്‍ലൈന്‍ ആപ്പുകളുടെ ലിങ്ക് അയച്ചു നല്‍കും. വ്യാജവിലാസം നല്‍കിയെടുക്കുന്ന സിം കാര്‍ഡുകളാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. പ്രതികളുമായി ബന്ധപ്പെട്ട അറുപതോളം ഫോണ്‍ നമ്പറുകളും അവയുെട ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുമെല്ലാം ക്രോഡീകരിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഹരിയാന അതിര്‍ത്തിഗ്രാമമായ ചൗക്കിബംഗാര്‍ ആയുധക്കടത്തിനടക്കം കുപ്രസിദ്ധമായ സ്ഥലമാണ്. 

സൈബര്‍ പൊലീസ് സി.ഐ. കെ.എസ്. അരുണും നാല് സിവില്‍ പൊലീസുകാരും ചൗക്കിബംഗാറിലെത്തിയാണ് പ്രതികളെ പിടികൂടിയത്. ബാങ്ക് ജീവനക്കാരനായ മുഷ്താഖ് ഖാന്‍ നിരക്ഷരരായ ഗ്രാമീണരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. വ്യാജവിലാസം ഉപയോഗിച്ചെടുത്ത മൊബൈല്‍ നമ്പറുകളാണ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്നത്. ഈ അക്കൗണ്ടുകള്‍ ഗൂഗിള്‍പേ പോലുള്ള ബാങ്കിങ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്തു. തട്ടിപ്പിലൂടെ അക്കൗണ്ടിലെത്തുന്ന പണം ബാങ്കില്‍നിന്ന് നല്‍കിയിരിക്കുന്ന ബയോമെട്രിക് സ്കാനര്‍ ഉപയോഗിച്ചാണ് പിന്‍വലിച്ചിരുന്നത്. കൊച്ചിയിലെത്തിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...