ശമ്പളം ചോദിച്ചു; അതിഥി തൊഴിലാളിയെ ഹെൽമറ്റിന് തലക്കടിച്ച് തൊഴിലുടമ

labourattack
SHARE

ഇടുക്കി കരുണാപുരത്ത് അതിഥി തൊഴിലാളിയെ ഹെൽമറ്റിന് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ തൊഴിലുടമ അറസ്റ്റില്‍. നാല്‍പത്തിയഞ്ചുകാരന്‍ ബിജു സ്‌കറിയയാണ് മദ്യലഹരിയിൽ ഹെൽമെറ്റിന് അതിഥി തൊഴിലാളിയുടെ തലക്കടിച്ചത്. ശമ്പളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തൊഴിലാളികളെ വാഹനമിടിച്ച് കൊലപ്പെടുത്താനും പ്രതി ശ്രമിച്ചു.

ശമ്പളം ചോദിച്ചതിനാണ് തൊഴിലാളികളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ പ്രതി തുനിഞ്ഞത്. തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. കലിയടങ്ങാത്ത ബിജു തൊഴിലാളികളോട് പിന്നീട് കാട്ടിയത് അരും ക്രൂരത. പ്രതിയുടെ ഇഷ്ടികക്കളത്തിൽ 5 വർഷമായി ജോലി ചെയ്യുന്ന ലാൽ കിഷോര്‍ ചൗധരി ലോക്ഡൗണിനെ തുടർന്ന് ജോലി ഇല്ലാതായതോടെ നാട്ടിലേക്ക് പോകാൻ വണ്ടിക്കൂലി ചോദിച്ചു. ഇതിൽ പ്രകോപിതനായാണ് പ്രതി അതിഥി തൊഴിലാളിയെ ആക്രമിച്ചത്. തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയ ബിജു കത്തി ഉപയോഗിച്ച് ഇവരെ കുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽനിന്ന് കുതറിയോടാൻ ശ്രമിക്കുന്നതിനിടയിലാണ് ലാലിനെ ബിജു ഹെൽമറ്റിന് തലക്കടിച്ച് വീഴ്ത്തിയത്. 

പരുക്കേറ്റ തൊഴിലാളിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിന് കേസെടുത്ത് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബിജു റിമാൻഡിലാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...