ഷാജിപീറ്ററുടെ കൊലപാതകം: സഹോദരന്റെ ഭാര്യയേയും പ്രതിചേര്‍ക്കും

shaji-murder
SHARE

കൊല്ലം ഭാരതീപുരത്തെ ഷാജിപീറ്ററുടെ കൊലപാതത്തില്‍ സഹോദരന്‍ സജിന്‍ പീറ്ററുടെഭാര്യയേയും പ്രതിചേര്‍ക്കും. പൊലീസ് നടപടി മുന്നില്‍ കണ്ട് ഇവര്‍   മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങി. സജിന്‍ പീറ്ററുടെ ഭാര്യയെ വിശദമായി പൊലീസ് ചോദ്യംചെയ്തതോടെയാണ് ഷാജി പീറ്ററുടെ കൊലപാതകവിവരം ഇവര്‍ക്കും അറിയാമായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചത്. വീട്ടുമുറ്റത്തുനിന്ന് കുഴിച്ചെടുത്ത മൃതദേഹം ഷാജി പീറ്ററുടേതാണെന്ന് കഴിഞ്ഞ ദിവസം പരിശോധനയില്‍ തെളിഞ്ഞിരുന്നു. തലയ്ക്കേറ്റ  ക്ഷതമാണ് മരണകാരണമെന്നും കണ്ടെത്തിയതോടെ കുടുതല്‍  പ്രതികളുടെ മൊഴി വിശ്വാസത്തിലെടുത്തിരിക്കുകയാണ് പൊലീസ്

ഷാജി പീറ്റര്‍. കരടി ഷാജിയെന്ന് ഇരട്ടപ്പേര്. ഭാരതിപുരത്ത് ജനങ്ങളോടും പൊലീസിനോടും ഒക്കെ തിരക്കിയാല്‍ നല്ലകഥകളല്ല ഷാജിയെപ്പറ്റിയുള്ളത്. സ്ഥിരം മോഷ്ടാവ്. മദ്യപിച്ച് പൊതുജനങ്ങള്‍ക്കും ഭീഷണി. പൊലീസ് തിരക്കിവരുമ്പോള്‍ വീട് വിട്ട് ഒറ്റമുങ്ങല്‍. വീണ്ടും അടുത്തകുറ്റകൃത്യത്തിനായി നാട്ടിലെത്തും.

രണ്ടരവര്‍ഷം മുമ്പാണ് സംഭവം. ഷാജി അങ്ങനെ നാട്ടില്‍ ഒരു പൊതുശല്യമായി അങ്ങനെ വിലസുന്ന കാലം. മുറപോലെ കേസുകളും. പെട്ടന്നൊരുനാള്‍ ഷാജിയെ കാണാതാകുന്നു. പതിവുപോലെ പൊലീസിനെ വെട്ടിച്ച് എങ്ങോട്ടെങ്കിലും കടന്നിട്ടുണ്ടാകുമെന്ന് ജനം വിലയിരുത്തി. കേസിന്‍റെ ആവശ്യത്തിനായി വീട്ടിലെത്തിയ പൊലീസുകാരോട് ഷാജി മലപ്പുറത്തേക്ക് പോയിരിക്കുകയാണെന്നും അമ്മയും സഹോദരനും പറഞ്ഞു. ആര്‍ക്കും സംശയം ഒന്നും തോന്നിയില്ല. ഷാജി വരുമ്പോള്‍ പിടികൂടാമെന്ന് പൊലീസും കരുതി. ആരും തിരക്കാന്‍ പോയില്ല. 

അങ്ങനെ കാലം കഴിഞ്ഞു. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു. ഷാജിയെക്കുറിച്ച് ആരും സംസാരിക്കാതായി. ഷാജിയുടെ വീട്ടില്‍ അമ്മ പൊന്നമ്മയും സഹോദരന്‍ സജിന്‍ പീറ്ററും കുടുംബവും.. അങ്ങനെയിരിക്കെയാണ് ഒരു പൊന്നമ്മയുടെ വീട്ടില് ഒളിവില്‍ കഴിയാന്‍  ബന്ധുവായ ഒരു പ്രതി റോയി എത്തുന്നു. റോഡില്‍ നിന്ന് വിട്ട് സുരക്ഷിതമായ താവളം  ഇതാണെന്ന് മനസിലാക്കിയാണ് റോയിയുടെ വരവ്. അങ്ങനെ ഷാജിയെക്കുറിച്ച് രണ്ടരവര്‍ഷം രഹസ്യമായി സൂക്ഷിച്ചവിവരങ്ങള്‍ പൊന്നമ്മ ആ റോയിയോട്  വെളിപ്പെടുത്തി

ഷാജി പീറ്ററെ പൊന്നമ്മയും സഹോദരന്‍ സജിന്‍ പീറ്ററും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയിരിക്കുന്നു. വിവരമറിഞ്ഞ പൊലീസ് പ്രാഥമീകമായ അന്വേഷണം നടത്തി. വെളിപ്പെടുത്തല്‍ നടത്തിയ പ്രതിയേയും പൊന്നമ്മയേയും ഇരുത്തി ചോദ്യം ചെയ്തു. സജിനേയും പൊന്നമ്മയേയും മാറ്റിമാറി ചോദ്യം ചെയ്തു. ആദ്യം പരസ്പരവിരുദ്ധമായ മൊഴികള്‍. പതിയെ ഇരുവര്‍ക്കും ആ സത്യം പൊലീസിനോട് സമ്മതിക്കേണ്ടി വന്നു. ഷാജി പീറ്ററെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന്. 

വീടിനോട് ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയതെന്ന് പ്രതികള്‍ സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ റബര്‍ തോട്ടത്തില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തി. ഇതിനടിയിലാണ് മൃതദേഹമെന്നും തെളിഞ്ഞു. പിന്നീട് മൃതദേഹം കുഴിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മണ്ണ് മാറ്റി. ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍  കണ്ടെത്തി. അതെല്ലാം പൊലീസ് വിശദമായ പരിശോധനക്ക് അയച്ചു.  കുഴിയിൽ നിന്നു കൊന്തയും  കുരിശും ചെരിപ്പും സിം കാർഡും കണ്ടെത്തി. ഇതോടെ ഷാജി പീറ്ററുടേതാണ് മൃതദേഹമെന്ന് പൊലീസ് ഉറപ്പിച്ചു.

തിരുവോണ നാളിലാണ് ഷാജി പീറ്റർ കൊല്ലപ്പെട്ടതെന്നാണ് പ്രതികളുടെ മൊഴി. അന്ന് മദ്യപിച്ച് ഷാജി വീട്ടുകാരുമായി വഴക്കുണ്ടാക്കി.. മദ്യലഹരിയിലായിരുന്ന ഷാജിയെ സംസാരത്തിനിടെ സഹോദരന്‍ സജിന്‍ മര്‍ദിച്ചു. ഷാജിയുംസജിനും തമ്മിലുള്ള കയ്യാങ്കളിക്കിടെ പൊന്നമ്മയും ഷാജിക്കെതിരെ തിരിഞ്ഞു. സജിന്‍ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. തലയ്ക്ക് അടിയേറ്റതോടെ അബോധാവസ്ഥയിലായ ഷാജി നിലത്തുവീണു. തലയില്‍ നിന്ന് രക്തം വാര്‍ന്ന് അല്‍പസമയത്തിനകം മരിച്ചു. .റോഡുമായി അകന്ന് വിജനമായ സ്ഥലത്താണ് പൊന്നമ്മയുടെ വീട്. അതുകൊണ്ട് തന്നെ വീട്ടില്‍ നടന്ന വഴക്കൊന്നും ആരും അറിഞ്ഞതുമില്ല. ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ പൊന്നമ്മയും സഹോദരനും തയാറായില്ല. ഷാജി മരിച്ചുവെന്ന് അറിഞ്ഞതോടെയാണ് മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടാന്‍ ഇവര്‍ തീരുമാനിച്ചത്. 

വീടിന് സമീപത്തുതന്നെയുള്ള റബര്‍ തോട്ടത്തില്‍ കുഴിച്ചുമൂടാമെന്ന് പ്രതികള്‍ തീരുമാനിച്ചു. അതിനായി ആരുമറിയാതെ സജിന്‍ ആഴത്തില്‍ കുഴിയെടുത്തു. ഷാജിയുടെ മൃതദേഹം എല്ലാവരും ചേര്‍ന്ന് ചാക്കില്‍ക്കെട്ടി കുഴിയില്‍ ഇട്ടുമൂടി. പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നതിനാല്‍ മൃതദേഹം കുഴിച്ചെടുക്കാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് ഇട്ടു. ഷാജിയുടെ കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളും സിംകാര്‍ഡും ചെരിപ്പും എല്ലാം കുഴിയില്‍ ഇട്ടു. തെളിവുകളെല്ലാം ആരുമറിയാതെ നശിപ്പിച്ച ഉറപ്പിലായിരുന്നു പ്രതികള്‍..

ഷാജിയെക്കുറിച്ച് ചോദിച്ചവരോടെല്ലാം ഷാജി മലപ്പുറത്താണെന്ന് വീട്ടുകാര്‍ തന്നെ പറഞ്ഞു. പതിയെ എല്ലാവരും ഷാജിയെ മറക്കുമെന്നും പിന്നീട് ഒരിക്കലും ഈ കൊലപാതകവിവരം പുറത്താകില്ലെന്നുമായിരുന്നു പൊന്നമ്മയുടേയും സജിന്‍റേയും പ്രതീക്ഷ. അങ്ങനെ തന്നെ  നാട്ടുകാരും പൊലീസുമെല്ലാം പതിയെ ഷാജിയെ മറന്നു. 

നിര്‍ണായകമായത് റോയിയുടെ  മൊഴിയാണ്.. റോയി പൊലീസിനോട് ഒരിക്കലും പറയുമെന്ന് പൊന്നമ്മയും പ്രതീക്ഷിച്ചില്ല. റോയിയില്‍ നിന്ന് ലഭിച്ച സൂചന ഗൗരവമായി എടുത്ത് പൊലീസ് അന്വേഷണം നടത്തിയതാണ് കേസ് തെളിയിച്ചത്. റോയിെയ സാക്ഷിയാക്കി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം. മരിച്ചത് ഷാജിയാണെന്ന് ശാസ്ത്രീയപരിശോധനയിലൂടെ തെളിയിക്കുകയാണ് അടുത്തഘട്ടം..

MORE IN Kuttapathram
SHOW MORE
Loading...
Loading...