100 പവൻ കവർച്ചയ്ക്കു പിന്നിൽ ജ്വല്ലറി ഉടമയെ പരിചയമുള്ളവർ; 4 പ്രതികള്‍ അറസ്റ്റിൽ

gold-robbery-04
SHARE

തിരുവനന്തപുരം പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ചുള്ള സ്വര്‍ണ കവര്‍ച്ച ആസൂത്രണം ചെയ്തത് ജ്വല്ലറി ഉടമയെ പരിചയമുള്ളവര്‍. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരടക്കം നാല് പ്രതികള്‍ അറസ്റ്റില്‍. എന്നാല്‍ വ്യാപാരിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്ത എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഉറവിടം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

നെയ്യാറ്റിന്‍കരയില്‍ ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്രക്കാരന്‍ സമ്പത്തിനെയും ജീവനക്കാരെയും ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണമാണ് വെള്ളിയാഴ്ച തട്ടിയെടുത്തത്. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവില്‍ കവര്‍ച്ചയുടെ ആസൂത്രണത്തേക്കുറിച്ചും പ്രതികളേക്കുറിച്ചും പൊലീസിന് പൂര്‍ണവിവരം ലഭിച്ചു. എന്നാല്‍ നാല് പേരെയാണ് അറസ്റ്റ് ചെയ്യാനായത്. പെരുമാതുറയിലുള്ള നബിന്‍, അന്‍സാര്‍, നൗഫല്‍ അണ്ടൂര്‍ക്കോണം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ നബീന്‍, അന്‍സാര്‍, ഫൈസല്‍ എന്നിവര്‍ കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തവരും നൗഫല്‍ കവര്‍ച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാളുമാണ്. ഇവരില്‍ നിന്ന് കുറച്ച് സ്വര്‍ണവും കവര്‍ച്ചയ്ക്കുപയോഗിച്ച ഒരു കാറും തിരുവനന്തപുരം റൂറല്‍ എസ്.പി പി.കെ മധുവിന്റെ നേതൃത്വത്തിലെ സംഘം കണ്ടെടുത്തു.

കവര്‍ച്ചയേക്കുറിച്ച് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങിനെയാണ്. പത്തിലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇതില്‍ ജ്വല്ലറി ഉടമയുടെ യാത്രകളടക്കം നന്നായി അറിയാവുന്ന ഒരാളാണ്  ആസൂത്രണത്തിന് തുടക്കമിട്ടത്. അയാള്‍ കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തില്ല. പകരം കവര്‍ച്ചസംഘത്തിന് നേതൃത്വം നല്‍കുന്ന മറ്റൊരാള്‍ക്ക് വിവരങ്ങളെല്ലാം കൈമാറി. സ്വര്‍ണത്തിനൊപ്പം ലക്ഷക്കണക്കിന് രൂപയുമായി ജ്വല്ലറി ഉടമ വരുന്നദിവസം കവര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തു. ആസൂത്രണം ചെയ്തയാളടക്കം എല്ലാവരെയും തിരിച്ചറിഞ്ഞ പൊലീസ് പലരെയും കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അതേസമയം വാഹനത്തില്‍ രഹസ്യമായി സൂക്ഷിച്ച എഴുപത്തിയഞ്ച് ലക്ഷം രൂപ ജ്വല്ലറി ഉടമയ്ക്കും കുരുക്കായേക്കും.

കവര്‍ച്ച സമയത്ത് ഈ പണം പൊലീസിനെ അറിയിക്കാതെ ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷമായിരുന്നു ജ്വല്ലറി ഉടമ കവര്‍ച്ചാ വിവരം പറയാന്‍ പൊലും സ്റ്റേഷനിലെത്തിയത്. അതുകൊണ്ട് തന്നെ പണം കണ്ടെടുത്ത പൊലീസ് കോടതിക്ക് കൈമാറി. ഹവാല ഇടപാടാണോയെന്ന് ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...