സരിതയുടെ തട്ടിപ്പിന് കൂടുതല്‍ പേര്‍ ഇരയായി; സിപിഐ നേതാവ് അറസ്റ്റിൽ

saritha-ratheesh-03
SHARE

സരിത എസ്.നായരുടെ നേതൃത്വത്തിലെ തൊഴില്‍തട്ടിപ്പിന് കൂടുതല്‍ പേര്‍ ഇരകളായെന്ന് പൊലീസിന്റെ കണ്ടെത്തല്‍. എട്ട് േപരില്‍ നിന്നായി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൈക്കലാക്കി സരിതയ്ക്ക് കൈമാറിയെന്ന് ഒന്നാം പ്രതിയായ ഇടത് പഞ്ചായത്തംഗം ടി.രതീഷ് പൊലീസിനോട് സമ്മതിച്ചു. ഇന്ന് വൈകിട്ടാണ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ കുന്നത്തുകാല്‍ പഞ്ചായത്തിലെ സി.പി.ഐ അംഗമായ ടി.രതീഷ് തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ്. തട്ടിപ്പ് കേസില്‍ പ്രതിയായിരിക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രതീഷിനെ മാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. ബെവ്റിജസ് കോര്‍പ്പറേഷന്‍, കെ.ടി.ഡി.സി എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് എട്ട് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങി. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് ഇങ്ങിനെ ലഭിച്ചത്. ഇത് മുഴുവന്‍ മറ്റൊരു പ്രതിയായ ഷൈജു പാലിയോട് മുഖേന സരിതയ്ക്ക് കൈമാറിയെന്നാണ് രതീഷിന്റെ കുറ്റസമ്മതമൊഴി. 

നിലവില്‍ രണ്ട് പേരാണ് തൊഴില്‍ തട്ടിപ്പിന് ഇരയായതായി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അവരില്‍ നിന്നായി പന്ത്രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഇതുവരെയുള്ള പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ എട്ട് പേരില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ തട്ടിയെന്ന് പ്രതി തന്നെ സമ്മതിച്ചതോടെ തട്ടിപ്പിന്റെ ആഴം കൂടുകയാണ്. അതേസമയം ഈ പണം മുഴുവന്‍ കൈക്കലാക്കിയ സരിതയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. രതീഷിന്റെ മൊഴി പരിശോധിച്ച് തുടര്‍നടപടിയെന്നാണ് നെയ്യാറ്റിന്‍കര പൊലീസ് പറയുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...