കൊച്ചിയില്‍ അമ്പലത്തിലെ ഓട്ടുവിളക്കുമായി കള്ളന്‍ റോഡില്‍; ഗൗനിക്കാതെ വഴിയാത്രക്കാർ

temple-theft
വെണ്ണല മംഗലയിൽ ഭദ്രകാളി ക്ഷേത്രത്തിലെ കൂറ്റൻ ഓട്ടു നിലവിളക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം. ചിത്രം 1: ക്ഷേത്രത്തിലെ വിളക്ക് ഇളക്കിയെടുക്കുന്നു. ചിത്രം 2: നിലവിളക്കുമായി ക്ഷേത്ര വളപ്പിന്റെ ഗേറ്റ് ചാടി പുറത്തേക്ക്. ചിത്രം 3: നിലവിളക്കുമായി റോഡിലൂടെ നടന്നു നീങ്ങുന്നു.
SHARE

കൊച്ചി: ക്ഷേത്രത്തിലെ വലിയ ഓട്ടുവിളക്കു ‘കൂളായി’ കവർന്നു യുവാവ്. ആൾപ്പൊക്കമുള്ള വിളക്കും തോളിലേന്തി മതിൽചാടി പോകുന്ന കള്ളനെ കണ്ടിട്ടും തിരിഞ്ഞു നോക്കാതെ വഴിയാത്രികർ. വെണ്ണല മംഗലയിൽ ഭദ്രകാളി ക്ഷേത്രത്തിലെ 25,000 രൂപ വിലയുള്ള വിളക്കാണു മോഷണം പോയത്. രാത്രി 10.55ന് ക്ഷേത്രത്തിനു തൊട്ടുമുന്നിലെ റോഡിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുമ്പോഴായിരുന്നു കവർച്ച. 

മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ക്ഷേത്ര അധികൃതർ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിളക്കു മോഷണം പോയ വിവരം ഇന്നലെ പുലർച്ചെ ശാന്തിക്കാരൻ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് അറിഞ്ഞത്.  ക്ഷേത്രത്തിൽ കത്തിച്ചു വച്ചിരുന്ന നിലവിളക്കാണു മോഷ്ടാവ് എടുത്തുകൊണ്ടു പോയത്. ക്ഷേത്രത്തിനുള്ളിൽ കടന്ന കള്ളൻ ആദ്യം വിളക്കിന്റെ മുകൾ ഭാഗം ഊരിയെടുക്കുന്നതു മുതൽ മോഷണത്തിന്റെ ആദ്യ‌ാവസാനം ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. 

വിളക്കിന്റെ തണ്ടും ചുവടും ഉൾപ്പെടെയുള്ള ഭാഗം തോളിലെടുത്തു മതിൽ ചാടി റോഡിലൂടെ നടന്നു പോകുന്നതാണു ദൃശ്യങ്ങളിലുള്ളത്.  വലിയ ഉയരമില്ലാത്ത മതിൽ കള്ളൻചാടുന്നതു റോഡിലൂടെ കടന്നു പോകുന്ന ഇരുചക്ര, കാർ യാത്രികരുൾപ്പെടെ കാണുന്നുണ്ടെങ്കിലും ആരും പ്രതികരിച്ചില്ല. യുവാവ് മതിൽ ചാടുന്നതു കണ്ട് ക്ഷേത്രത്തിന് അൽപം അകലെയായി ഇരുചക്ര വാഹനത്തിൽ കാത്തുനിന്നിരുന്ന ആൾ അടുത്തേക്ക് ഓടിച്ചെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിൽക്കയറിയാകും മോഷ്ടാവു രക്ഷപ്പെട്ടതെന്ന നിഗമനത്തിലാണു പൊലീസ്.  പാലാരിവട്ടം പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

MORE IN Kuttapathram
SHOW MORE
Loading...
Loading...