റോഡരികിലെ വോട്ടർ ഐഡികളുടെ ഉറവിടം എവിടെ? ക്യാംപുകളിൽ പരിശോധന

voter-id-card-03
SHARE

എറണാകുളം കളമശേരിയില്‍ ഉപേക്ഷിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഉറവിടം കണ്ടെത്താന്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ പൊലീസ് നീക്കം. കാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ കാര്‍ഡുകളുടെ ആധികാരികത ഇതുവരെ ഉറപ്പിക്കാനായിട്ടുമില്ല.

കളമശേരി നഗരസഭാ പരിധിയിലെ വിടാക്കുഴ മുതലക്കുഴി ഭാഗത്തുനിന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഉറവിടം കണ്ടെത്താന്‍ ആലുവ ഭാഗത്തേക്കാണ് പ്രധാനമായും പരിശോധന നടത്തുന്നത്. കാര്‍ഡുകള്‍ കണ്ടെത്തിയതിന് തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്ല. ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടമായി എത്തിക്കുന്നവര്‍ തിരിച്ചറിയില്‍ രേഖകള്‍ വാങ്ങി വയ്ക്കാറുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ സ്വദേശത്തേക്ക് മടങ്ങിയവരുടെ കാര്‍ഡുകള്‍ കരാറുകാര്‍ ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുന്നൂറ്റിമുപ്പത് കാര്‍ഡുകള്‍ ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയത്. കാര്‍ഡുകളെല്ലാം ഒഡീഷയിലെ ഭാട്‌ലി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവരുടേതാണ്. മണ്ഡലത്തിലെ ഒരേ പ്രദേശത്തുള്ളവരുടെ കാര്‍ഡുകളാണെന്നാണ് പ്രാഥമിക നിഗമനം. ഹോളോഗ്രാമുള്ള പുതിയതും പഴയതുമായ കാര്‍ഡുകള്‍ കണ്ടെത്തിയതാണ് സംശയമുണ്ടാക്കിയിരിക്കുന്നത്. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. തട്ടിപ്പുസംഘങ്ങള്‍ മൊബൈല്‍ കണക്‌ഷന്‍ എടുക്കാനുംമറ്റും ഈ രേഖകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും, നമ്പറുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...