അമ്മ വിഷുക്കണി ഒരുക്കുന്നെന്നു കരുതി; പക്ഷേ ‘ഭീമ’ ഉടമയുടെ വീട്ടിൽ നടന്നത് വൻമോഷണം

tvm-robbery
SHARE

തിരുവനന്തപുരം: നഗരത്തിന്റെ കേന്ദ്രഭാഗത്തു വളർത്തു നായ്ക്കളും സെക്യൂരിറ്റി ജീവനക്കാരുമുൾപ്പെടെ വൻ സുരക്ഷാസംവിധാനമുണ്ടായിരുന്ന പ്രമുഖ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം പൊലീസിനെ ഞെട്ടിച്ചു. ഭീമ ജ്വല്ലറി ഉടമ ബി.ഗോവിന്ദന്റെ കവടിയാറിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ 1.30നും 3.30നും ഇടയിലായിരുന്നു മോഷണം. 2.30 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് നഷ്ടമായത്. ഗോവിന്ദന്റെ മകൾ ബെംഗളൂരുവിലേക്കു കൊണ്ടുപോകാൻ വച്ചിരുന്ന ബാഗിലെ ബ്രേസ്‌ലെറ്റ്, മോതിരം, കമ്മൽ എന്നിവയാണു കവർന്നത്.

പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സിസിടിവിയിൽ പതിഞ്ഞ മുഖഛായ പ്രകാരം മോഷ്ടാവ് ഉത്തരേന്ത്യക്കാരനെന്നാണു സംശയം. ദൃശ്യം വച്ചു മോഷ്ടാവിന്റെ മുഖത്തിന്റെ രേഖാചിത്രം തയാറാക്കുകയാണു പൊലീസ്. രാജ്ഭവനു സമീപം സുരക്ഷാ മേഖലയിൽ ഉയർന്ന മതിലുള്ള വീടും പരിസരവും നേരത്തേ വന്നുകണ്ടു പരിചയമുള്ളവർക്കല്ലാതെ ഇത്തരത്തിൽ ഇൗ വീട്ടിൽ കടക്കാനാവില്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

അതിനാൽ പൊലീസ് അന്വേഷണം ഇൗ വീട്ടിലോ സമീപത്തെ വീടുകളിലോ നേരത്തേ പുറംജോലിക്കു വന്നവരിലേക്കും നീങ്ങുന്നുണ്ട്. മൂന്നു വളർത്തുനായ്ക്കളും സെക്യൂരിറ്റി ജീവനക്കാരുമുള്ള വീട്ടിൽ നടന്നത് ആസൂത്രിത മോഷണമാണെന്നു പൊലീസ് ഉറപ്പിക്കുന്നു. സമീപത്തെ വീടുകളുടെ മുകളിലൂടെയോ മതിൽ വഴിയോ രണ്ടാം നിലയിലേക്കു കയറി ഒരാൾക്കു കയറാവുന്ന തരത്തിലുള്ള ജനാലയിലൂടെയാണു മോഷ്ടാവ് അകത്തു പ്രവേശിച്ചത്. ജനാലയിൽ ഘടിപ്പിച്ചിരുന്ന കൊതുകുവല ഇളക്കിമാറ്റി.

വളർത്തുനായ്ക്കളുടെയും സുരക്ഷാജീവനക്കാരുടെയും ശ്രദ്ധ പതിയാതിരുന്ന ഭാഗത്തുകൂടിയാണ് അകത്തുകടന്നത്. ഈ ഭാഗത്തു സിസിടിവിയും ഉണ്ടായിരുന്നില്ല. മോഷ്ടാവ് കയറിയ മുകളിലെ മുറിയിൽ ഗോവിന്ദന്റെ പേരക്കുട്ടികളാണ് ഉറങ്ങിയിരുന്നത്. രാത്രി താക്കോൽ വീഴുന്ന ശബ്ദം കേട്ടെങ്കിലും അമ്മ വിഷുക്കണി ഒരുക്കുകയാകും എന്നുകരുതി അവർ എഴുന്നേറ്റില്ല. ഒരാൾ മാത്രമാണ് അകത്തു കടന്നതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഒരു കൂട്ടാളി കൂടിയുണ്ടായിരുന്നതായും സംശയിക്കുന്നു.

ഉത്തരേന്ത്യയിലെ പ്രഫഷനൽ മോഷണ സംഘത്തിൽപെട്ടവരുടെ രീതിയാണു മോഷ്ടാവിന്റേതെന്നാണു പ്രാഥമിക നിഗമനം. ദൃശ്യങ്ങളിൽ കണ്ട ആളെ തിരിച്ചറിയാൻ വീട്ടുകാർക്കോ വീട്ടിൽ ജോലി ചെയ്യുന്നവർക്കോ സമീപവാസികൾക്കോ കഴിഞ്ഞിട്ടില്ല. ഇൗ വീട്ടിൽ തന്നെ പുറംജോലികൾക്കായി പല ഏജൻസികളും ഏർപ്പെടുത്തിയ തൊഴിലാളികൾ വന്നുപോകുന്നുണ്ട്. അടുത്ത കാലത്ത് ഇവിടെ ജോലിക്കു വന്ന എല്ലാ തൊഴിലാളികളുടെയും ഫോൺ വിവരങ്ങൾ പരിശോധിക്കുകയാണു പൊലീസ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...