ഉത്രവധക്കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി; 85 പേരെ വിസ്തരിച്ചു

uthra-suraj-suresh-2
SHARE

കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസ് നാളെ  കോടതി വീണ്ടും പരിഗണിക്കും. സാക്ഷി വിസ്താരം കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതിയില്‍ കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. വധക്കേസിന്റെ വിധി വന്ന ശേഷം മാത്രമേ മാപ്പുസാക്ഷിയ‌ായ പാമ്പ് പിടിത്തക്കാരന്‍ സുരേഷ് ജയില്‍ മോചിതനാകാന്‍ സാധ്യതയുള്ളു. 

അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം കൈക്കലാക്കി ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. പാമ്പ് പിടിത്തക്കാരനും രണ്ടാം പ്രതിയുമായിരുന്ന സുരേഷിെന കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. സൂരജിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, വധ ശ്രമം ,വിഷം ഉപയോഗിച്ച് പരുക്കേൽപ്പിക്കുക, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിരുന്ന 217 പേരിൽ 85 പേരെ വിസ്തരിച്ചു. ഇതില്‍ ഉത്രയുടെ ബന്ധുക്കള്‍, വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥർ, വനം വകുപ്പു ജീവനക്കാര്‍, സർപ്പ ശാസ്ത്ര വിദഗ്ധൻ, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രാവിണ്യമുള്ള വാവാ സുരേഷ് തുടങ്ങിയവര്‍ ഉള്‍പ്പെടും. 278 രേഖകളും 40 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. 

പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയിൽ നിന്നു കോടതി വിശദീകരണം തേടുന്ന നടപടി അടുത്ത മാസം ആദ്യം ആരംഭിക്കും. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍‌ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. വധക്കേസില്‍ വിധി വന്ന ശേഷമേ വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയുള്ളു.

MORE IN Kuttapathram
SHOW MORE
Loading...
Loading...