കലിയുഗം കഴിഞ്ഞ് ജീവൻ തിരികെ കിട്ടുമെന്ന് വിശ്വാസം; കൊലക്കു ശേഷം ആത്മഹത്യക്കും പദ്ധതി

andhra-twin-murder
SHARE

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മന്ത്രവാദത്തിനായി സ്വന്തം പെണ്‍മക്കളെ അടിച്ചുകൊന്ന കോളേജ് പ്രൊഫസറുടെയും ഭാര്യയുടെയും അറസ്റ്റ് രേഖപെടുത്തി. ഇരുവര്‍ക്കും മാനസിക പ്രശ്നങ്ങളില്ലെന്നു വ്യക്തമായതോടെയാണ്  കൊലപാതക കുറ്റം ചുമത്തി അറസ്റ്റ്ചെയ്തത്. അതേ സമയം, കലിയുഗം അവസാനിക്കുന്നതോടെ ജീവന്‍ തിരികെ വരുമെന്ന വിശ്വസാത്തില്‍ മക്കളെ കൊലപ്പെടുത്തിയതിനുശേഷം ഇരുവരും ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇങ്ങനെയും വിശ്വാസമോയെന്നാണ് കേള്‍ക്കുന്നവരെല്ലാം മുക്കത്തു വിരലുവച്ചു ചോദിക്കുന്നത്. സര്‍വ ഐശ്വര്യങ്ങളുമുണ്ടാകാന്‍ മന്ത്രവാദിയുടെ വാക്കുകള്‍ കേട്ട് സ്വന്തം പെണ്‍മക്കളെ അമ്മ അടിച്ചും കുത്തിയും കൊല്ലുക. എന്നിട്ട് മൃതദേഹങ്ങള്‍ ഉപയോഗിച്ചു പൂജ നടത്തുക. രാജ്യം ഞെട്ടിയ ചിറ്റൂരിലെ  ആഭിചാരകൊലയില്‍ മഡനപ്പള്ളി സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ അധ്യാപകന്‍ പുരുഷോത്തമം നായിഡുവിന്റെയും സ്വകാര്യ സ്കൂൾ പ്രിന്‍സിപ്പലായ ഭാര്യ പത്മജനത്തിന്റെയും അറസ്റ്റാണ് പൊലീസ് രേഖപെടുത്തിയത്. വിവരമറിഞ്ഞവരെല്ലാം ഇരുവരുടെയും മാനസിക നിലയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പരസ്പര ബന്ധമില്ലാതെ സംസാരിച്ചിരുന്ന ദമ്പതികളില്‍ പുരുഷോത്തം നായിഡു സാധാരണ നില കൈവരിച്ചു. കാര്യങ്ങള്‍ വിശദമായി പൊലീസിനോടു വിവരിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപെടുത്തിയത്. മക്കളുടെ ശവശരീങ്ങളുമായി പൂജ നടത്തിയാല്‍ കലിയുഗം അവസാനിച്ച് സത്യയുഗത്തിലേക്ക് കടക്കുന്നതോടെ സര്‍വ ഐശ്വരങ്ങളുമുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശ്വാസം. മന്ത്രവാദിയാണ് ഇക്കാര്യം ദമ്പതികളെ വിശ്വസിപ്പിച്ചത്.  

ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ പൂജക്കിടെ രാത്രിയാണ് പത്മജം ഇളയ മകള്‍ സായ് ദിവ്യയെ മൂര്‍ച്ചയേറിയ ശൂലം കൊണ്ട് ആദ്യം കൊലപെടുത്തിയത്. പിറകെ മൂത്തമകള്‍ അലേകിയയെ ഡെംബല്‍ ഉപയോഗിച്ച് തലക്കടിച്ചു കൊന്നു. മൃതദേഹങ്ങള്‍ പട്ടില്‍ പൊതിഞ്ഞു പൂജയും തുടങ്ങി. കരച്ചിലും അസാധാരണ ശബ്ദങ്ങളും കേട്ട് അയല്‍ക്കാര്‍ അറിയിച്ചതിനുസരിച്ചു വീട്ടിലെത്തിയ പൊലീസുകാര്‍ അര്‍ദ്ധ അബോധാവസ്ഥയില്‍ പൂജകള്‍ നടത്തുന്ന ദമ്പതികളെയാണു കണ്ടത്.‌ മക്കള്‍ക്കൊപ്പം പുതിയ ജീവിതത്തിലേക്കു വരാനായി സ്വയം മരിക്കാന്‍ ഇരുവരും തയ്യാറെടുത്തിരുന്നതായും പൊലീസിന് പുരുഷോത്തമം മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നറിയാനായി അന്വേഷണം ഊര്‍ജിതപെടുത്തി. അടുത്ത ദിവസങ്ങളില്‍ ഇവരുടെ വീട്ടില്‍ വന്നവരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനും ആരംഭിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...