മുത്തൂറ്റ്: കവർച്ചാ സംഘം ലുധിയാനയിലെ ബ്രാഞ്ചും കൊള്ളയടിക്കാന്‍ ശ്രമിച്ചു

ludiyana-robbery
SHARE

ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സ്  കൊള്ളയടിച്ച സംഘം  കഴിഞ്ഞ ഒക്ടോബറില്‍  പഞ്ചാബ് ലുധിയാനയിലെ ബ്രാഞ്ചും കൊള്ളയടിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ജീവനക്കാരും ഇടപാടുകാരും  എതിര്‍ത്തതോടെ വെടിവെയ്പ്പ് നടത്തിയാണ് അന്നു സംഘം രക്ഷപെട്ടത്. രക്ഷപെടുന്നതിനിടെ ബൈക്കില്‍ നിന്ന് നിലതെറ്റി റോ‍ഡില്‍ വീണ മൂന്നുപേരെ ജനം കൈകാര്യം ചെയ്തു പൊലീസിനും കൈമാറുകയും ചെയ്തിരുന്നു.

ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സ് കൊള്ളയടിച്ചതിനു സമാനമായിരുന്നു ലുധിയാനയിലും ഉണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ 15ന് രാവിലെ ഒമ്പതരയോടെയാണ് ദുര്‍ഗിമാര്‍ഗിലെ  ശാഖയില്‍ ആറംഗ ആയുധധാരികളെത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ ബന്ദികളാക്കിയ  സംഘം ലോക്കര്‍ തുറന്നു 30 കിലോ സ്വര്‍ണവും രണ്ടേമുക്കാല്‍ ലക്ഷം രൂപയും കവര്‍ന്നു രക്ഷപെടാന്‍ ശ്രമിച്ചു. പതിവായി തുറക്കുന്ന സമയം കഴിഞ്ഞിട്ടും ജീവനക്കാരുടെ പഞ്ചിങ് പതിയാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന മുത്തൂറ്റിന്റെ ആസ്ഥാനത്തെ ജീവനക്കാര്‍ സിസിടിവി കണ്‍ട്രോള്‍ റൂമിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ജീവനക്കാര്‍ തോക്കിന്‍മുനയില്‍  ബന്ദികളാണെന്നു കണ്ടതോടെ ഉടന്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലും സമീപ ശാഖയിലെ ജീവനക്കാര്‍ക്കും വിവരം കൈമാറി. പൊലീസും സമീപത്തെ ശാഖയിലെ  ജീവനക്കാരും ഓടിയെത്തുമ്പോള്‍ 30 കിലോ സ്വര്‍ണവുമായി രക്ഷപെടാനുള്ള തിടുക്കത്തിലായിരുന്നു  കൊള്ളക്കാര്‍. ഒരു ജീവനക്കാരന്‍ എതിര്‍ത്തോടെ വെടിയുതിര്‍ത്തു. കാലില്‍ വെടിയേറ്റെങ്കിലും ജീവനക്കാരന്‍ വിട്ടില്ല. വീണ്ടും വെടിയുതിര്‍ത്തു ബൈക്കില്‍ രക്ഷപെടുന്നതിനിടെ മൂന്നുപേര്‍ നിലതെറ്റി താഴെ വീണു 

ഹൊസൂരിലെ  ബ്രാഞ്ച് കൊള്ളയടിച്ച സംഘത്തില്‍പെട്ടവര്‍ തന്നെയാണ് ലുധിയാനയിലും കവര്‍ച്ചയ്ക്കെത്തിയതെന്നാണ് പ്രതികളെ പിടികൂടിയ ഹൈദരാബാദ് പൊലീസ് പറയുന്നത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് ,മധ്യപ്രദേശ്  സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥിരം കുറ്റവാളികള്‍ ഉള്‍പെട്ട വന്‍സംഘമാണ് കൊള്ള നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ഹൊസൂരിലെ കവര്‍ച്ചക്കാര്‍ക്കു കൈതോക്കുകളും ഉണ്ടകളും നല്‍കിയ ആയുധ കച്ചവടക്കാര്‍ക്കു വേണ്ടി  പൊലീസ് തിരച്ചില്‍ ഈര്‍ജിതമാക്കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...