പരാതി തെറ്റ്; ജോളിയെ ജയിലില്‍ കാണാന്‍ അഭിഭാഷകന് നിയന്ത്രണങ്ങളില്ല: സൂപ്രണ്ട്

aloor-jolly-01
SHARE

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയെ ജയിലില്‍ കാണാന്‍ അഭിഭാഷകന് നിയന്ത്രണങ്ങളില്ലെന്ന് സൂപ്രണ്ട്. സംസാരിക്കുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തിന് ചോര്‍ത്തുന്നുവെന്ന പരാതി തെറ്റാണ്. ജോളിയുടെ വിലപിടിപ്പുള്ള സാധനങ്ങളൊന്നും തന്റെ കൈവശമില്ലെന്നും കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി.ജഗദീശന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.    

ജോളിയുടെ അഭിഭാഷകന്റെ പരാതിയിലാണ് കോടതി സൂപ്രണ്ടിന്റെ വിശദീകരണം തേടിയത്. കോവിഡ്കാല സുരക്ഷയുടെ ഭാഗമായി ജയിലില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പ് ഇളവ് അനുവദിച്ചതോടെ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം ജയില്‍ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ജോളിയെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്ക് ഏത് തരത്തിലുള്ള നിയന്ത്രണങ്ങളാണോ ഏര്‍പ്പെടുത്തിയിട്ടുള്ളത് അത് മാത്രമാണ് ജോളിയുടെ കാര്യത്തിലുമുണ്ടായിരുന്നത്. തന്നോട് പറയുന്ന മുഴുവന്‍ കാര്യങ്ങളും അന്വേഷണസംഘം അറിയുന്നുവെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം സൂപ്രണ്ട് പൂര്‍ണമായും നിഷേധിച്ചു. വിലപിടിപ്പുള്ള എന്തെങ്കിലും സാധനങ്ങള്‍ ജോളി തന്നെ ഏല്‍പ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നവരില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ അനുവദിക്കണമെന്ന ബി.എ.ആളൂരിന്റെ അപേക്ഷ അടുത്തമാസം പത്തിന് കോടതി പരിഗണിക്കും. പണം പിരിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നിയമപരമല്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. 

അനുവദിച്ചാല്‍ പല സാധാരണക്കാരെയും ഭീഷണിപ്പെടുത്തി ചൂഷണത്തിനിരയാക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ നിലപാട് കൂടുതലായി അറിയിക്കാന്‍ അടുത്ത സിറ്റിങില്‍ കോടതി അനുവദിച്ചേക്കും. റോയ് തോമസ്, സിലി വധക്കേസിലെ ഒന്നാം പ്രതി ജോളി, രണ്ടാം പ്രതി എം.എസ്.മാത്യു എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. മൂന്നാംപ്രതി പ്രജികുമാറും റോയ് കേസിലെ അഞ്ചാം പ്രതി മനോജ്കുമാറും നേരിട്ടെത്തി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം വൈകുന്നതിനാല്‍ നോട്ടറിയും റോയ് കേസിലെ അഞ്ചാം പ്രതിയുമായ വിജയകുമാര്‍ കോടതിയിലെത്തിയിരുന്നില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...