കാർ തട്ടിയെടുത്ത് പൊലീസിനെ വെട്ടിച്ച് കൊല്ലത്ത്; വെളിപ്പെടുത്തി വടിവാൾ വിനീത്

vadival-vineeth-02
SHARE

ഹൈവേ കവര്‍ച്ച കേസുകളില്‍ പിടിയിലായ വടിവാള്‍ വിനീതിനെ ചെങ്ങന്നൂരിലും തിരുവല്ല നിരണത്തുമെത്തിച്ച് തെളിവെ‌ടുപ്പ് നടത്തി. ചെങ്ങന്നൂരില്‍ കത്തികാട്ടി വിഡിയോഗ്രാഫറായ യുവാവിന്‍റെ കാറും ആഭരണങ്ങളും കവര്‍ന്ന കേസിലാണ് തെളിവെ‌ടുപ്പ് നടത്തിയത്. അതേസമയം ചെങ്ങന്നൂരിലെ കാര്‍കവര്‍ച്ചയ്ക്കുശേഷം പൊലീസിന്‍റെ കണ്ണുവെ‌ട്ടിച്ച് എങ്ങനെ കൊല്ലത്തെത്തി എന്ന്  വിനീത് പൊലീസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ 12 ന് പുലര്‍ച്ചേ എംസി റോഡില്‍ ചെങ്ങന്നൂരില്‍ വിഡിയോഗ്രാഫറായ ശ്രീപതി എന്ന യുവാവിന്‍റെ കാര്‍ തട്ടിയെടുത്ത കേസിലാണ് വിടിവാള്‍ വിനീതിനെ തെളിവെടുപ്പിനെത്തിച്ചത്. ഈ കേസില്‍ മാവേലിക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌‌ട്രേട്ട് കോടതിയില്‍ ചെങ്ങന്നൂര്‍ പൊലിസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. കാര്‍ തട്ടിയെടുത്ത ചെങ്ങന്നൂര്‍ ആശുപത്രി ജംങ്ഷന് സമീപം ആദ്യം വിനീതിനെ കൊണ്ടുവന്നു വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് തിരുവല്ലയ്ക്കടുത്ത് നിരണത്തും എത്തിച്ചു. 12 ന് പുലർച്ചെ കാര്‍ കടന്നുപോകുന്നത് കണ്ടതായി  പ്രദേശവാസി പൊലീസിനോട് വെളിപ്പെടുത്തി. നിരണത്തെ തെളിവെടുപ്പില്‍ സഹായിക്കാന്‍ പുളിക്കീഴ് പൊലീസും എത്തിയിരുന്നു  ചെങ്ങന്നൂര്‍ സിഐ ജോസ് മാത്യു, എസ്ഐ  എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

കാര്‍തട്ടിയെടുത്തശേഷം ഉടമ ശ്രീപതിയെ നിരണത്ത് ഇറക്കിവിടുകയായിരുന്നു. കാറില്‍വച്ചുതന്നെ യുവാവിന്‍റെ ആഭരണങ്ങളും മൊബൈലും വാങ്ങിയതായി വിനീത് പൊലീസിനോട് പറഞ്ഞു. കാറുമായി  കൊല്ലത്തെത്തിയതെങ്ങനെയെന്നും പൊലീസിനോട് വിനീത് വെളിപ്പെടുത്തി. നിരണത്തു നിന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയുടെ മുന്നിലുള്ള വഴിയിലൂടെ കറ്റോട് എത്തി. അവിടെ വച്ച് തിരുവല്ല പൊലീസിന്‍റെ മുന്നില്‍പ്പെട്ടെങ്കിലും രക്ഷപെട്ട് പായിപ്പാട് എത്തി. തുടര്‍ന്ന് ആലപ്പുഴ പുന്നപ്രയിലും ഹരിപ്പാടും എത്തി. ഇവിടെ ഒരു സുഹൃത്തിനെ കണ്ടതിനുശേഷം കൊല്ലത്തേക്കു പോയി. കൊല്ലത്തേക്കുള്ള യാത്രയില്‍  പുളിക്കീഴ് പൊലീസിന്‍റെ മുന്നില്‍പ്പെട്ടു. കുറച്ചുദൂരം പൊലീസ് വിനീതിനെ പിന്‍തുടര്‍ന്നെങ്കിലും രക്ഷപെട്ടു. തുടര്‍ന്ന് കൊല്ലത്തെത്തി കാര്‍ ഉപേക്ഷിച്ച് മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...