റിമാന്‍ഡ് പ്രതിയുടെ മരണം; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി: ഋഷിരാജ് സിങ്

kozhikode-jail-suicide-1
SHARE

റിമാന്‍ഡ് പ്രതി സെല്ലില്‍ തൂങ്ങിമരിച്ച വിഷയത്തില്‍ കോഴിക്കോട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. സൂപ്രണ്ടിന്റെ സ്ഥലം മാറ്റത്തിനും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറുടെ സസ്പെന്‍ഷനും പിന്നാെല ഭൂരിഭാഗം ജീവനക്കാരെയും സ്ഥലം മാറ്റണമെന്ന ഡി.ഐ.ജിയുടെ ശുപാര്‍ശ ഡി.ജി.പി അംഗീകരിച്ചേക്കും. പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത ബീരാന്‍കോയയുടെ ആത്മഹത്യയില്‍ ഉദ്യോഗസ്ഥര്‍ ഗുരുതര കൃത്യവിലോപം കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. 

സൂപ്രണ്ടിനെയും ഡെപ്യുട്ടി പ്രിസണ്‍ ഓഫിസറെയും സ്ഥലം മാറ്റിയതിനൊപ്പം അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെന്നാണ് ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. ജോലിസമയം ക്രമീകരിക്കുന്നതിലും ചുമതല കൃത്യമായി പൂര്‍ത്തിയാക്കുന്നതിലും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടി. രാത്രികാലങ്ങളിലുള്‍പ്പെടെ സെല്ലുകളില്‍ മതിയായ നിരീക്ഷണമുണ്ടായിരുന്നില്ലെന്നും തെളിഞ്ഞു. മുന്നറിയിപ്പെന്ന നിലയിലാണ് മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനുള്ള തീരുമാനമുണ്ടായത്. വിവാദമായ കേസുകളില്‍ പ്രതിയായി എത്തുന്നവര്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ധമുണ്ടാകാം. അത് മറ്റ് അത്യാഹിതങ്ങളിലേക്ക് നീങ്ങാതെ നോക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ജയിലിലെ ആത്മഹത്യ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഡി.ജി.പി പറഞ്ഞു. 

സ്ത്രീക്കെതിരെ അതിക്രമം നടത്തിയെന്ന പരാതിയിലാണ് ബീരാന്‍കോയയെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന സബ് ജയിലില്‍ പുലര്‍ച്ചെ രണ്ടരയോടെ ബീരാന്‍കോയ തൂങ്ങിമരിച്ചു. വ്യാജ പരാതിയിലാണ് കൂടുതല്‍ അന്വേഷണമില്ലാതെ ബീരാന്‍ കോയയെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...