അക്രമി സംഘത്തിന്റെ വാൻ കണ്ടെത്തി; ബൈക്ക് മോഷ്ടിച്ച് കടന്നു

thiruvalla-van-02
SHARE

തിരുവല്ലയില്‍ പ്രഭാതസവാരിക്കിറങ്ങിയവരെ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ച സംഘം എത്തിയ വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ലയ്ക്കടുത്ത് നെടുമ്പ്രം അന്തിചന്തയ്ക്കുസമീപമാണ് ഇന്നു രാവിലെ വാന്‍ കണ്ടെത്തിയത്. വാനിലുണ്ടായിരുന്നവര്‍ രക്ഷപെട്ടത് വഴിയോരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണെന്നും തെളിഞ്ഞു.

ഇന്നലെ  പുലര്‍ച്ചെയാണ് തിരുവല്ല നഗരത്തില്‍ പ്രഭാതസവാരിക്കിറങ്ങിയവരെ ഒമ്നിവാനിലെത്തിയ അജ്ഞാതസംഘം  വടിവാള്‍കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചത്. ഈസംഘം സഞ്ചരിച്ച വാനാണ് ഇന്നുരാവിലെ നെടുമ്പം അന്തിചന്തയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍  കണ്ടെത്തിയത്. ഇന്ധനം തീര്‍ന്നതിനെതുടര്‍ന്നാണ് വാഹനം ഉപേക്ഷിച്ചതെന്നാണ് പൊലീസിന്‍റെ സംശയം  ഇന്നലെ മുഴുവന്‍ നഗരത്തിലും പരിസരങ്ങളിലും പൊലീസ് ശക്തമായപരിശോധന നടത്തിയിട്ടും വാഹനമോ സംഘത്തിലുള്ളവരെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.വാന്‍ ഉപേക്ഷിച്ച സംഘം വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപെട്ടത്.ഇതിനൊപ്പം പ്രദേശത്ത് ഒരു വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും കവര്‍ന്നു. ഒരു ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റാനും ശ്രമിച്ചു. 

കൊല്ലംജില്ലയില്‍ നിന്ന് മോഷ്ടിച്ചതാണ് വാഹനം എന്നു തിരിച്ചറിഞ്ഞു. കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടവരാണ് വാനിലെത്തിയവരെന്ന സൂചന പൊലീസിന് ലഭിച്ചു. ഇന്നലെ പുലര്‍ച്ച തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനുസമീപവും അമ്പിളി ജംഗ്ഷനിലുമാണ് പ്രഭാതസവാരിക്കാര്‍ക്കുനേരെ ആക്രമണമുണ്ടായത്. പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പിനുനേരെയും റിട്ട. എസ്.ഐ രാജനുനേരെയുമാണ്  വടിവാള്‍ വീശിയത്.

സംശയകരമായ  സാഹചര്യത്തില്‍ വാന്‍കിടക്കുന്നതു കണ്ട് ചോദിച്ചപ്പോഴാണ് രാജനുനേരെ ആക്രമണശ്രമമുണ്ടായത്. ചില്ലുപൊട്ടിയ നിലയിലായിരുന്നു  വാന്‍. വാഹനത്തില്‍ നിന്ന് വസ്ത്രങ്ങള്‍,കയ്യുറ, ചെരിപ്പ്, സ്പ്രേചെയ്യുന്ന ചെയ്യുന്ന ഉപകരണം എന്നിവ കണ്ടെത്തി. ഒരു യുവാവും യുവതിയുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവാവാണ് വാഹനത്തില്‍ നിന്ന് ഇറങ്ങി വടിവാള്‍ വീശിയത്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് തിരുവല്ല സിഐ പിഎസ് വിനോദ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...