തുണിക്കടയെന്ന് തെറ്റിദ്ധരിച്ച് ബാങ്കില്‍ കയറിയ കളളന്‍ കുടുങ്ങി

bank-theft-3
SHARE

തുണിക്കടയാണെന്ന് തെറ്റിദ്ധരിച്ച് ബാങ്കില്‍ കയറിയ കളളന്‍ കുടുങ്ങി. മലപ്പുറം വണ്ടൂര്‍ ടൗണിലാണ് പകല്‍ കണ്ടുവച്ച തുണിക്കടയ്ക്കു പകരം തൊട്ടടുത്ത കാനറ ബാങ്കിനുളളില്‍ കടന്ന തിരുവനന്തപുരം കാരക്കോണം സ്വദേശി പുത്തന്‍വീട്ടില്‍ ദാസനാണ് അറസ്റ്റിലായത്.

മോഷണം നടത്തേണ്ട സ്ഥലം  പകല്‍ കണ്ടുവച്ച് രാത്രി അകത്തു കടക്കുകയാണ് കാരക്കോണം ദാസന്റെ പതിവുരീതി. വണ്ടൂരിലെ കനറബാങ്കിനു തൊട്ടു താഴെയുള്ള തുണിക്കട പകല്‍ വെളിച്ചത്തില്‍ കണ്ടുവച്ചു. അര്‍ധരാത്രിയെത്തി ജനല്‍ കമ്പി വളച്ചു അകത്തു കടന്നപ്പോള്‍ തുണിക്കടയുടെ ലക്ഷണമില്ല. ബാങ്കു പൊളിക്കാന്‍ മാത്രമുളള ആയുധങ്ങളും ശേഷിയും കളളനില്ല. 

എന്തായാലും കയറിയതല്ലേ എന്നു വച്ച് ബാങ്കിലെ മേശ വലിപ്പും മാനേജരുടെ ക്യാബിനുമെല്ലാം അരിച്ചു പെറുക്കി. ഒന്നും കിട്ടിയില്ല.  എന്നാല്‍ ബാങ്കിലും സമീപത്തുമുള്ള എല്ലാ സി.സി.ടി.വി ക്യാമറകളിലും നിറയെ കളളന്‍ ദാസന്റെ ചിത്രങ്ങള്‍ പതിഞ്ഞു. വണ്ടൂർ പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ തിരൂരില്‍ കടകുത്തി തുറന്ന് മോഷണം നടത്തിയ മറ്റൊരു കേസില്‍ പ്രതി തിരൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. 

റിമാന്‍ഡിലായ പ്രതിയെ വണ്ടൂര്‍ പൊലീസ് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ബാങ്കിലേക്ക് കടക്കാന്‍ ശ്രമിച്ച വഴിയും വലിപ്പുകള്‍ തുറന്നു പരിശോധിച്ച വിധവുമെല്ലാം വിശദീകരിച്ചു. നാല്‍പതു വര്‍ഷം മുന്‍പ് നാടുവിട്ട ദാസന്‍  ഇരുപതു വര്‍ഷവും വിവിധ കേസുകളിലായി ജയിലില്ലായിരുന്നു. സ്ഥിരമായി ഒരിടത്തും താമസിക്കുന്ന ശീലമില്ലാത്തതുകൊണ്ട് സി.സി.ടി.വിയിലടക്കം പതിഞ്ഞാലും പ്രതിയെ കണ്ടെത്തല്‍ പ്രയാസമാണന്ന് പൊലീസ് പറയുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...