മോഷണസംഘത്തെ പിടികൂടി; കുഴഞ്ഞു വീഴല്‍; ഉരുണ്ടു മറിയല്‍; നാടകീയ രംഗങ്ങൾ

muvattupuzha-theft
SHARE

മൂവാറ്റുപുഴ: നാടോടി സ്ത്രീകളെ ഉപയോഗിച്ച് മോഷണത്തിനു ശ്രമിച്ച മലയാളികൾ ഉൾപ്പെടുന്ന 5 അംഗം സംഘത്തെ നാട്ടുകാരും പൊലീസും ചേർന്നു പിടികൂടി. ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു.  ഇന്നലെ ഉച്ചയോടെ വൺവേ ജംക്‌ഷനു സമീപമാണ് സംഭവം. ഇവിടെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നു ഇരുമ്പുകമ്പി മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടെ കാർ മെറ്റൽക്കൂനയിൽ കുടുങ്ങി.

സ്ഥലത്തെത്തിയ നാട്ടുകാർ, മോഷ്ടിച്ച കമ്പികൾ കണ്ട് കാർ തടഞ്ഞു. തമിഴും ഹിന്ദിയും സംസാരിക്കുന്ന 2 നാടോടി സ്ത്രീകളും പെരുമ്പാവൂർ, തൊടുപുഴ സ്വദേശികളായ മൂന്നു മലയാളികളും ആണ് കാറിലുണ്ടായിരുന്നത്. പിടിയിലായതോടെ ഇവരിൽ പലരും കുഴഞ്ഞു വീഴുകയും അപസ്മാരബാധിരെപ്പോലെ റോഡിൽ കിടന്ന് ഉരുണ്ട് മറിയുകയും ചെയ്തു. 

നാട്ടുകാർ ഇടപെട്ടതോടെ ഇവർ ഇത്തരം ചേഷ്ടകൾ അവസാനിപ്പിച്ചു. പിന്നീട് സംഘത്തെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അമിത മദ്യലഹരിയിൽ ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അസുഖബാധിതരെ പോലെ സംഘത്തിൽ ഉള്ളവർ കുഴഞ്ഞു വീണു.  ഒടുവിൽ ഇവരോട് പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട ശേഷം കാറിന്റെ താക്കോൽ ഊരിയെടുത്ത് പൊലീസ് സ്ഥലം വിട്ടു. 

കോവിഡ് പരിശോധന നടത്താതെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പരിമിതി ഉണ്ടെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പൊലീസ് സ്ഥലം വിട്ട ഉടനെ ഇവർ എഴുന്നേറ്റ് കാർ തുറന്നു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താക്കോൽ ഇല്ലാത്തതിനാൽ സാധിച്ചില്ല. പിന്നീട് ഡ്യൂപ്ലിക്കറ്റ് താക്കോൽ നിർമിക്കുന്ന കേന്ദ്രം അന്വേഷിച്ചു നടക്കുകയായിരുന്നു ഇവർ. വാഹനം രാത്രി വൈകിയും സംഭവസ്ഥലത്തു കിടപ്പുണ്ടായിരുന്നു. സംഘാംഗങ്ങൾ പിന്നീട്  അപ്രത്യക്ഷരായി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...