അഭയയുടേത് ആത്മഹത്യയെന്ന് പ്രതിഭാഗം; വാദം പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി

sr-abhaya-1
SHARE

സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയായിരുന്നുവെന്നു പ്രതിഭാഗത്തിന്‍റെ വാദം. അഭയക്കേസിലെ ലോക്കല്‍ പൊലീസിന്‍റേയും ക്രൈംബ്രാഞ്ചിന്‍റേയും അന്വേഷണം ശരിയായിരുന്നെന്നും  വാദത്തിനിടയില്‍ പ്രതികള്‍ തിരുവനന്തപുരം സിബിഐ കോടതിയെ അറിയിച്ചു. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.

സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് പ്രതിഭാഗം ഇന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ വാദിച്ചത്. ഇതിനായി അവര്‍ പ്രധാനമായും ചൂണ്ടികാണിച്ചത് ആദ്യം നടന്ന ലോക്കല്‍ പൊലീസ്  അന്വേഷണവും തൊട്ടു പിന്നാലെ നടന്ന ക്രൈബ്രാഞ്ച് അന്വേഷണവുമാണ്. ഇരുവരും അഭയയുടെ മരണം ആത്മഹത്യയെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നീടെത്തിയ സി.ബി.ഐയാണ് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണെന്ന കണ്ടെത്തല്‍ നടത്തിയത്.

അഭയയുടെ മരണം നടക്കുന്ന രാത്രിയില്‍ പ്രതികളെ കോണ്‍വെന്‍റില്‍ കണ്ടുവെന്ന കേസിലെ പ്രധാന സാക്ഷി അടയ്ക്ക രാജുവിന്‍റെ മൊഴി വിശ്വസിക്കരുതെന്നും കോടതിയില്‍ പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ  അവിഹിത ബന്ധം കണ്ടതിന്‍റെ പ്രതികാരമാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐയുടെ നിഗമനം. മാത്രമല്ല അഭയയുടെ മരണം നടക്കുന്ന സമയത്തെ പ്രതികളുടെ സാന്നിധ്യവും പ്രോസിക്യൂഷന്‍ കൃത്യമായി കുറ്റപത്രത്തില്‍ കാണിച്ചിട്ടുണ്ട്. 

ഇന്നുമുതല്‍ ആരംഭിച്ച പ്രതിഭാഗം വാദം നാളെയും തുടരും. 1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് പ്രതികള്‍ .  പ്രതിപട്ടികയിലുണ്ടായിരുന്ന ഫാ.ജോസ് പുതൃക്കയിലിനേയും  മുന്‍ എസ്.പി, കെ.ടി മൈക്കിളിനെയും തെളിവില്ലെന്നു ചൂണ്ടികാട്ടി കോടതി വിചാരണ നടപടികളില്‍ നിന്നു ഒഴിവാക്കിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും ഏറ്റെടുക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...