ഡ്യൂപ്ലിക്കേറ്റ് സിം ഉണ്ടാക്ക് തട്ടിയത് 44 ലക്ഷം രൂപ: ഞെട്ടിക്കുന്ന ചതി

Online-Fraud.jpg.image.845.440
SHARE

പുതുക്കാട് മേഖലയിലെ സ്വകാര്യ ചിട്ടിക്കമ്പനിയുടെ 2 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 44 ലക്ഷം രൂപ. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച സിം കാർഡ് ബ്ലോക്ക് ചെയ്ത ശേഷം അതേപേരിൽ തട്ടിപ്പുകാർ ഡ്യൂപ്ലിക്കറ്റ് സിം തരപ്പെടുത്തുകയും ഇതുവഴി ലഭിച്ച ഒടിപി (വൺടൈം പാസ്‍വേഡ്) ചോർത്തി പണം 11 തവണകളായി പിൻവലിക്കുകയുമായിരുന്നു. 

ഡൽഹിയിലും കൊൽക്കത്തയിലുമുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. ജാർഖണ്ഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പു സംഘമാണ് പുതിയതരം തട്ടിപ്പിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. ചിട്ടിക്കമ്പനിയുടെ പേരിൽ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളിലായി 2 ഓവർ ഡ്ര‍ാഫ്റ്റ് അക്കൗണ്ടുകളാണുള്ളത്. മാനേജരുടെ പേരിലെടുത്ത സിം കാർഡുകളാണ് ഈ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

ഈ സിം കാർഡ് പ്രവർത്തന രഹിതമാണെന്ന് ഏതാനും ദിവസം മുൻപു മാനേജരുടെ ഫോണിലേക്കു ടെലികോം കമ്പനിയുടെ സന്ദേശം ലഭിച്ചു. തകരാറെന്തെന്നു കണ്ടുപിടിക്കാൻ ടെലികോം കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടെന്നു വ്യക്തമായത്. കൂടുതൽ അന്വേഷണത്തിൽ ഇതേ പേരിൽ ജാർഖണ്ഡിൽ നിന്ന് ആരോ ഡ്യൂപ്ലിക്കറ്റ് സിം എടുത്തിട്ടുള്ളതായും വ്യക്തമായി.

യഥാർഥ രേഖകൾ ഹാജരാക്കി മാനേജർ വീണ്ടും ഡ്യൂപ്ലിക്കറ്റ് സിം കാർഡ് റജിസ്റ്റർ െചയ്തപ്പോഴേക്കും 10 തവണകളായി 34 ലക്ഷം രൂപ പിൻവലിക്കപ്പെട്ടെന്നു സന്ദേശം ലഭിച്ചു. ഉടനടി പൊതുമേഖലാ ബാങ്കിലെത്തി ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇതിനകം 10 ലക്ഷം രൂപ കൂടി നഷ്ടമായിരുന്നു. അന്വേഷണം ആരംഭിച്ചതായി റൂറൽ പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...