യുപിയിൽ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

man-arrested-for-beheading-
SHARE

യു.പിയിലെ ആഗ്രയില്‍ പട്ടാപ്പകല്‍ ദന്ത വനിതാ ഡോക്ടറെ ഫ്ളാറ്റിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ദന്ത ഡോക്ടറായ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കുത്തേറ്റ എട്ടും നാലും വയസുള്ള മക്കള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഏറ്റുമുട്ടലിനൊടുവില്‍ പ്രതിയെ പിടികൂടി.  

38 വയസുള്ള നിഷ സിംഗാളാണ് വെള്ളിയാഴ്ച ഉച്ചയ്‍ക്ക് ആഗ്രയിലെ ഫ്ളാറ്റിനുള്ളില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കേബിള്‍ ടിവി ടെക്നീഷ്യനെന്ന സ്വയം പരിചയപ്പെടുത്തിയാണ് പ്രതി ശുഭം പഥക് ഫ്ളാറ്റിനുള്ളില്‍ കടന്നത്. കവര്‍ച്ച നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. നിഷ സിംഗാളിനെ കഴുത്തറുത്ത് കൊന്ന പ്രതി, ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു. തൊട്ടടുത്ത മുറിയില്‍ പേടിച്ച് വിറച്ച് ഒളിച്ചിരുന്ന എട്ടും നാലും വയസുള്ള കുട്ടികളെയും പ്രതി കുത്തി പരുക്കേള്‍പ്പിച്ചു. സാരമായി പരുക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൃത്യം നടക്കുമ്പോള്‍ നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാള്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു. 

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറി‍ഞ്ഞത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. പൊലീസിന് നേരെ വെടിയുതിര്‍ത്ത പ്രതിയെ ഏറ്റുമുട്ടലിനൊടുവിലാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കാലിന് വെടിയേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പക്കല്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ മോഷണമുതലും കണ്ടെടുത്തു.  യോഗി സര്‍ക്കാരിന് കീഴില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നെന്ന് ആരോപിച്ച യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, തിരക്കേറിയ ജനവാസമേഖലയിലെ വീട്ടില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...