'ഒമ്പതിനായിരം രൂപയ്ക്ക് സോണി ടിവി'!; തട്ടിപ്പ് കയ്യോടെ പിടിച്ചു

sony
SHARE

തമിഴ്നാട്ടില്‍ പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വ്യാജന്‍മാര്‍ വിപണിയിലെത്തിയതായി സൂചന. തിരുച്ചിറപ്പള്ളിയിലെ കടയില്‍ നടത്തിയ റെയ്ഡില്‍ സോണിയുടെ 153 വ്യാജ ടിവികള്‍ പിടികൂടി. മൂന്നുപേര്‍ അറസ്റ്റിലായി.

ദീപാവലി ഓഫറെന്ന പേരില്‍ വ്യാജ ടിവികള്‍ വിറ്റൊഴിച്ച കടക്കാരനും ജീവനക്കാരുമാണു പിടിയിലായത്.  വെറും ഒമ്പതിനായിരം രൂപയ്ക്കു സോണി ടിവി വില്‍ക്കുന്നുവെന്നായിരുന്നു പരസ്യം. ടി.വി വാങ്ങിയ ആള്‍ക്കു കയ്യെഴുത്തു ബില്ലാണു നല്‍കിയത്. ജി.എസ്.ടി ബില്ല് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു നല്‍കിയില്ല. സംശയം തോന്നിയ  ഉപഭോക്താവ് ടിവിയുമായി നേരെ തിരുച്ചിറപ്പള്ളിയിലെ  സോണി ഷോറൂമിലെത്തി പരിശോധിച്ചു. വ്യാജനാണെന്നു ഷോറൂം ജീവനക്കാര്‍ ഉറപ്പുപറഞ്ഞതോടെ  പാലക്കറൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍  ഡി.സി.പി. പവന്‍ കുമാറിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 153 ടിവികള്‍ പിടിച്ചെടുത്തു. സോണി ജീവനക്കാരെത്തി ഇവയെല്ലാം  വ്യാജമാണെന്ന് ഉറപ്പിച്ചു.

കടയുടമയെയും രണ്ടു ജീവനക്കാരെയുമാണ് അറസ്റ്റു ചെയ്തു. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...