ആലീസിനെ കഴുത്തറത്ത് കൊന്നിട്ട് ഒരു വർഷം; കൊലയാളി ഇനിയും അകലെ

alice-murder-case-3
SHARE

ഇരിങ്ങാലക്കുടയില്‍ പട്ടാപകല്‍ വീട്ടമ്മ ആലീസിനെ കഴുത്തറത്ത് കൊലപ്പെടുത്തി ആഭരണം കവര്‍ന്നിട്ട് ഇന്നേയ്ക്കു ഒരു വര്‍ഷം. കൊലയാളി ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. സാധാരണ കൊലക്കേസ് അന്വേഷണം വഴിമുട്ടിയാല്‍ വേഗം ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് പതിവ്. ആലീസ് കൊലക്കേസില്‍ ആ പതിവും ലംഘിക്കപ്പെട്ടു. 

ആലീസിന്റെ മക്കളും ബന്ധുക്കളും ഇതുവരെ പരസ്യമായി പ്രതിഷേധത്തിന് ഇറങ്ങിയിരുന്നില്ല. കൊലക്കേസ് നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇരിങ്ങാലക്കുട പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. അങ്ങനെയാണ്, ആലീസിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ആലീസിന്‍റെ കൊലയാളി ഇപ്പോഴും കാണാമറയത്താണ്. 2019 നവംബര്‍ പതിനാലിന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. 

രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയി വീട്ടിലേക്കു മടങ്ങിയ എത്തിയതായിരുന്നു ആലീസ്. വീട്ടില്‍ തനിച്ചായിരുന്നു താമസം. രാത്രി കൂട്ടുകിടക്കാന്‍ വരുന്ന അയല്‍വാസി സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നെ, കൊലയാളിയെ തിരിച്ചറിയാന്‍ വ്യാപകമായ അന്വേഷണം. ഫലമുണ്ടായില്ലെന്നു മാത്രം. ആയുധം പൊതിഞ്ഞു കൊണ്ടുവന്ന ന്യൂസ് പേപ്പറിനെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യത്തെ അന്വേഷണം. അതും ലക്ഷ്യത്തില്‍ എത്തിയില്ല. നൂറുകണക്കിനു പേരെ ചോദ്യം ചെയ്തു. ഇതരസംസ്ഥാനക്കാരെ സംശയിച്ചു. വഴിത്തിരിവാകുന്നതൊന്നും ഇതുവരെയും ഉണ്ടായില്ല.

കൊലപാതകത്തില്‍ ഒരു പുരോഗതിയും ഇല്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിന് ഒരു മാസത്തിനകം കൈമാറുകയാണ് പതിവ്. കൊലയാളിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കേസ് ഫയല്‍ വീണ്ടും വീണ്ടും ലോക്കല്‍ പൊലീസ്തന്നെ കൈവശംവച്ചു. ഓരോ ദിവസം പിന്നിടും തോറും കൊലയാളിയാകട്ടെ നിയമത്തിനു മുമ്പില്‍ നിന്ന് അകലുകയായിരുന്നു. കൊലയാളിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പൊലീസിന് എതിരെ നാട്ടില്‍ അമര്‍ഷം ശക്തമാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...