'കൊല്ലുമെന്ന് ആവർത്തിച്ചു, കമ്പിവടി കൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ചു': രജീഷ് പറയുന്നു

rajeesh-attck
SHARE

സംഘം ചേര്‍ന്ന് മര്‍ദിച്ചവരുടെ ലക്ഷ്യം തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോഴിക്കോട് നന്‍മണ്ടയിലെ ആക്രമണത്തില്‍ പരുക്കേറ്റ രജീഷ്. കമ്പിവടി കൊണ്ടും ഹെല്‍മറ്റ് ഉപയോഗിച്ചും അടിക്കുന്നതിനിടെ കൊല്ലുമെന്ന് യുവാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. രജീഷിനെ ആക്രമിച്ച അഞ്ചംഗ സംഘത്തിലെ മൂന്ന് യുവാക്കളെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.   

ഈമാസം പതിനെട്ടിന് വൈകിട്ടായിരുന്നു ആക്രമണം. നന്‍മണ്ട പതിമൂന്നിലെ ബേക്കറിയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം ബൈക്കില്‍ കയറിയ രജീഷിനെ അഞ്ചംഗ സംഘം തള്ളിവീഴ്ത്തി ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ് ബോധം നഷ്ടപ്പെട്ട രജീഷിനെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തിനിടെ കൊല്ലണമെന്ന് യുവാക്കള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. ആക്രമണത്തിന്റെ കാരണം ഇപ്പോഴും രജീഷിനറിയില്ല. 

ആക്രമിച്ച യുവാക്കളില്‍ മൂന്നുപേരെ രജീഷ് തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ രജീഷിന് ഒരുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആക്രമണത്തിന് രണ്ട് ദിവസം മുന്‍പ് ചീക്കിലോട്ടില്‍ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ രജീഷും ശ്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമെന്നാണ് പൊലീസ് നിഗമനം. ആക്രമിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ അറസ്റ്റിലായി. നന്‍മണ്ട സ്വദേശികളായ ജിതേഷ്, അബി, കണ്ണാടിപ്പൊയില്‍ സ്വദേശി മനുപ്രസാദ്, എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. മറ്റ് രണ്ട് യുവാക്കള്‍ ഒളിവിലാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...