നമ്പര്‍ തിരുത്തി ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടി

lottery-fraud-01
SHARE

ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി വില്‍പനക്കാരെ കബളിപ്പിച്ച് പണം തട്ടി. തൃശൂര്‍ പെരിഞ്ഞനത്ത് വഴിയരികില്‍ മുച്ചക്ര വണ്ടിയില്‍ ലോട്ടറി വില്‍ക്കുന്ന ഭിന്നശേഷിക്കാരനെയാണ് പറ്റിച്ചത്. 

തൃശൂര്‍ പെരിഞ്ഞനം സ്വദേശി തോട്ടത്തില്‍ മധുവാണ് വഞ്ചിക്കപ്പെട്ട ലോട്ടറി കച്ചവടക്കാരന്‍. ബൈക്കില്‍ എത്തിയ യുവാവ് മുപ്പതു ലോട്ടറി ടിക്കറ്റുകളെടുത്തു. ഒരു ടിക്കറ്റിന് നാല്‍പതു രൂപയാണ് നിരക്ക്.  കാശിനു പകരം നല്‍കിയതാകട്ടെ സമ്മാനര്‍ഹമായ ആയിരം രൂപയുടെ അഞ്ചു ടിക്കറ്റുകള്‍. നമ്പറുകള്‍ ഒത്തുനോക്കിയപ്പോള്‍ സമ്മാനമുണ്ട്.

ടിക്കറ്റിന്‍റെ തുകയായ 1200 രൂപ എടുത്ത ശേഷം ബാക്കി 3800 രൂപ ലോട്ടറി കച്ചവടക്കാരന്‍ ബൈക്കുകാരന് നല്‍കി. സമ്മാനമടിച്ച അഞ്ചു ടിക്കറ്റുകളില്‍ നാലും വ്യാജമായിരുന്നു. നമ്പറുകള്‍ തിരുത്തിയവ. ഒരെണ്ണം മാത്രം ആയിരം രൂപ സമ്മാനമുള്ളതായിരുന്നു. തട്ടിപ്പാണെന്ന് ബോധ്യമായതോടെ കയ്പമംഗലം പൊലീസിന് പരാതി നല്‍കി.

ഓരോ ദിവസത്തേയും ഉപജീവനം ഉറപ്പാക്കാന്‍ വെയിലും മഴയും കൊണ്ട് വഴിയരികിലിരുന്ന് ലോട്ടറി കച്ചവടക്കാരനെ പറ്റിച്ച ആ വിരുതനെ തേടി പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിന്റെ നമ്പര്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...