ട്വിസ്റ്റ്, ആക്​ഷൻ, സിനിമാ സ്റ്റൈൽ ‘ചേസിങ്’; ആല്‍ബിനെ പൂട്ടിയത് സാഹസികമായി

albin-raj-arres
SHARE

ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്ക‌ട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജിനെ (36) ഇന്നലെ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(2)യിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽനിന്നു പിടിയിലായ ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.പൊലീസ് കോയമ്പത്തൂരിലെ വീടു വളഞ്ഞപ്പോൾ ആൽബിൻ വീടിനു മുകളിൽനിന്ന് അടുത്ത  കെട്ടിടങ്ങളുടെ മുകളിലേക്കു ചാടി ഓടിയിരുന്നു. പൊലീസിനു നേരെ കത്തി വീശുകയും ചെയ്തു. 

കിലോമീറ്ററുകളോളം ഓ‌ടിച്ചാണു പ്രതിയെ പിടിച്ചത്. ആൽബിന്റെ രണ്ടു കാലിലും പരുക്കേറ്റിട്ടുണ്ട്.ഇയാളിൽ നിന്ന് 1.850 കിലോഗ്രാം സ്വർണം കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു. മറ്റു 2 പ്രതികളിൽ നിന്നായി 1.5 കിലോഗ്രാമോളം സ്വർണം നേരത്തെ ണ്ടെത്തിയിരുന്നു.ബാങ്കിൽനിന്ന് 4.830 കിലോഗ്രാം സ്വർണവും 4.5 ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നാണു വിവരം. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ബാക്കി സ്വർണവും പണവും ണ്ടെത്താനാകുമെന്ന് ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവും പറഞ്ഞു.

മോഷ്ടാക്കൾ സ്വർണം വിൽക്കുന്നതിനു മുൻപ് പിട‌ികൂടാനായിരുന്നു പൊലീസിന്റെ ശ്രമം. തൊണ്ടിമുതലുകൾ എവിടെനിന്നൊക്കെയാണു കണ്ടെത്തിയതെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഡിഐജി പറഞ്ഞു. ആൽബിൻ രാജിന്റെ കോയമ്പത്തൂരിലെ വാടക വീട്ടിൽനിന്നും മറ്റുമാണിതെന്നാണു വിവരം.‌ കോടതിയിൽനിന്നു പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ ബാക്കി സ്വർണം കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ.‌ബാങ്കിൽനിന്ന് 4.5 ലക്ഷം രൂപ പണമായി കിട്ടിയതിനാൽ സ്വർണം ആൽബിൻ രാജ് വിൽക്കാതെ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ബാങ്കിലെ കണക്കും പ്രതികളുടെ മൊഴിയും പരിശോധിച്ചപ്പോൾ 700 ഗ്രാം സ്വർണത്തിന്റെ വ്യത്യാസമുണ്ടെന്നു പൊലീസ് പറഞ്ഞു. ബാങ്ക് രേഖകൾ വീണ്ടും പരിശോധിച്ചാൽ കൃത്യമായ വിവരം കിട്ടും. ബാങ്കിൽ ചിലർ പണയം പുതുക്കി വച്ചിട്ടുണ്ടാവാമെന്നും അതിന്റെ അളവ് ഇരട്ടിച്ചതാവാം വ്യത്യാസത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.

‘ചേസിങ്’ സിനിമാ സ്റ്റൈലിൽ

സിനിമാ സ്റ്റൈലിൽ പിന്തുടർന്നാണ് ആൽബിൻ രാജിനെ അന്വേഷണ സംഘം പിടികൂടിയത്. കോയമ്പത്തൂരിലെ ആഡംബര വില്ലകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഇരുനില വീട്ടിലാണ് ഇയാൾ കുടുംബ സമേതം താമസിച്ചിരുന്നത്. ആൽബിൻ വീട്ടിലുണ്ടെന്നു വിവരം കിട്ടിയ പൊലീസ് സംഘം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ സ്ഥലം വളഞ്ഞു.

ഒരുസംഘം വീട് ലക്ഷ്യമാക്കി നീങ്ങി. മറ്റൊരു സംഘം റോഡിൽ പല ഭാഗത്തായി നിലയുറപ്പിച്ചു. പൊലീസ് വലവിരിച്ചെന്നു തിരിച്ചറിഞ്ഞ ആൽബിൻ വീടിന്റെ ടെറസിൽ നിന്നു ചാടി മറ്റു വീടുകളുടെ മുകളിലൂടെ ഓടി. ഇതുകണ്ട് അന്വേഷണ സംഘത്തിലെ സിവിൽ പൊലീസ് ഓഫിസർ എ.നിഷാദ് പിന്നാലെ പാഞ്ഞു. സമീപത്തെ വീടിന്റെ മുകളിലേക്കു കയറിയപ്പോൾ ആൽബിൻ റോഡിന്റെ എതിർ ദിശയിലുള്ള വീടിന്റെ മുകളിലൂടെ ഓടി റോഡിലേക്ക് ചാടുന്നതു കണ്ടു. മതിൽ ചാടി, കാടുപിടിച്ച പുരയിടത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. 

നിഷാദ് പിന്നാലെ എത്തിയപ്പോൾ കട്ട വലിച്ചെറിഞ്ഞശേഷം കത്തി വീശി ആക്രമിക്കാൻ ശ്രമിച്ചു.ഒഴിഞ്ഞു മാറിയ നിഷാദ്, പ്രതിയെ കീഴ്പ്പെടുത്തി, മുകളിൽ കയറിയിരുന്നു ബഹളം വച്ചു. അയൽക്കാർ ഓടിയെത്തിയപ്പോൾ ‘തിരുടൻ തിരുടൻ’ എന്നു വിളിച്ചു പറഞ്ഞതോടെ അവർ മാറി.

നിഷാദിനെ പിന്തുടർന്ന് സിഐ ആർ.ഫയാസ് സ്ഥലത്തെത്തി. പിന്നാലെ, അന്വേഷണ സംഘത്തിലെ കൂടുതൽ പൊലീസുകാർ എത്തി ആൽബിനെ കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് തുണിസഞ്ചിയിൽ സ്വർണം കണ്ടെടുത്തത്. ബാങ്കിലെ ലോക്കറിൽ സ്വർണം സൂക്ഷിച്ചിരുന്ന സഞ്ചിയിൽ തന്നെയാണ് സ്വർണം വച്ചിരുന്നത്.

അന്വേഷണത്തിന്റെ വഴികൾ

അന്വേഷണ സംഘത്തിന് ആദ്യ തുമ്പ് ലഭിച്ചത് കരുവാറ്റ ബാങ്കിൽ മോഷണത്തിനുശേഷം ഉപേക്ഷിച്ച സിലിണ്ടറുകളിൽ നിന്നായിരുന്നു. ഇതിൽ രേഖപ്പെടുത്തിയിരുന്ന കെഐബി എന്ന ചുരുക്കെഴുത്തിൽ നിന്നാണ് അടൂർ പറക്കോടുള്ള ഏജൻസിയിലേക്ക് അന്വേഷണം നീണ്ടത്. ഏജൻസിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു സൂചന കണ്ടെത്താനുള്ള ശ്രമങ്ങൾ പാളിയതോടെ കള്ളന്മാരുടെ പ്രവർത്തന രീതിയെക്കുറിച്ചു പൊലീസിന് സംശയമായി. രാത്രിയല്ല മോഷണം നടന്നതെന്നു തെളിഞ്ഞു. അങ്ങനെയാണ്, സമാനമായ കേസുകളിൽപ്പെട്ടവരെക്കുറിച്ച് അന്വേഷിച്ചത്.

2019 ഫെബ്രുവരിയിൽ, കുറത്തികാട് പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത ആൽബിൻ രാജിന്റെ മോഷണ രീതികൾ പൊലീസ് പഠിച്ചു. 2020 ഫെബ്രുവരിയിൽ ഇയാൾ സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയെന്ന് അറിഞ്ഞ പൊലീസ്, ജയിലിൽ ഇയാളെ സന്ദർശിച്ചവരുടെ വിവരം ശേഖരിച്ചു. അങ്ങനെയാണ് കഴിഞ്ഞ ദിവസം പിടിയിലായ ഷിബുവിലേക്ക് എത്തിയത്.

മോഷണ രീതികളിൽ സമാനത

2016ൽ തിരുവനന്തപുരം ആങ്കോട് സഹകരണ ബാങ്കിൽ മോഷണശ്രമം നടത്തിയെന്നു മുൻപ് പിടിയിലായപ്പോൾ ആൽബിൻ സമ്മതിച്ചിരുന്നു. അത് ഓണം അവധി ദിനങ്ങളിലായിരുന്നു. മോഷണത്തിനായി ഓക്സിജൻ സിലിണ്ടറും ഗ്യാസ് സിലിണ്ടറുമാണ് ഉപയോഗിച്ചിരുന്നത്. ജനൽ മുറിച്ചു മാറ്റിയാണ് ബാങ്കിൽ കയറിയത്. ആദ്യ ദിവസം സിലിണ്ടർ ബാങ്കിൽ എത്തിച്ച്, സിസിടിവി ക്യാമറയുടെ കേബിളുകൾ മുറിക്കുകയും ഹാർഡ് ഡിസ്ക് ആണെന്നു തെറ്റിദ്ധരിച്ച് വയർലെസ് മോഡം മോഷ്ടിക്കുകയും ചെയ്തിരുന്നു.

പല ദിവസങ്ങളിലായി ആസൂത്രണം ചെയ്ത മോഷണം, അടുത്ത ദിവസം ബാങ്ക് ജീവനക്കാരൻ അപ്രതീക്ഷിതമായി ബാങ്കിലെത്തിയതിനെത്തുടർന്ന് പൊളിഞ്ഞു.സമാന രീതിയിലാണ് കരുവാറ്റ ബാങ്കിലും കവർച്ചയെന്നു പൊലീസ് കണ്ടെത്തി. ആദ്യ മോഷണത്തിൽ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് നഷ്ടമാകാതിരുന്നതാണ് ആൽബിനെ പെട്ടെന്നു കണ്ടെത്താൻ സഹായിച്ചത്.

ഈ പിഴവ് മനസ്സിലാക്കിയാണ് ആൽബിൻ കരുവാറ്റയിൽ കംപ്യൂട്ടർ സിസ്റ്റം ഒന്നാകെ മോഷ്ടിച്ചത്.

ഹാർഡ് ഡിസ്ക് ഏതാണെന്ന് പ്രതിക്ക് അറിയാത്തതിനാലായിരുന്നു ഇത്.മോഷണത്തിന് ഉപയോഗിക്കുന്ന സ്ക്രൂഡ്രൈവർ, ബ്ലേഡ്, ഉളി തുടങ്ങിയ ആയുധങ്ങൾ റബർ ബാൻഡ് ഉപയോഗിച്ച് ഒന്നിച്ചു കെട്ടിവയ്ക്കുന്ന രീതിയും ആൽബിനുണ്ട്. ഇതും പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...