ശിവശങ്കറുടെ ചിത്രമെടുത്ത മാധ്യമ പ്രവർത്തകർക്ക് മർദനം; വിഡിയോ

media-attacked
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ പ്രവേശിപ്പിച്ചിരുന്ന കരമന പിആർഎസ് ആശുപത്രിക്കു മുന്നിൽ മാധ്യമ പ്രവർത്തകരെ ആശുപത്രി ജീവനക്കാരൻ കയ്യേറ്റം ചെയ്തു. വനിതാ മാധ്യമ പ്രവർത്തകരെയും മർദിച്ചു. ആശുപത്രിയിലെ പ്യൂൺ തമ്പാനൂർ പിടിസി ടവറിനു സമീപം താമസിക്കുന്ന കിരണിനെ(30) മാധ്യമ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരമന പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു ക്യാമറകൾക്കും കേടുവരുത്തി. . 

ശിവശങ്കറിനെ പിആർഎസ് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റുമ്പോഴായിരുന്നു യുണിഫോം ധരിക്കാതെ സിവിൽ ഡ്രസിലായിരുന്ന ഇയാളുടെ ആക്രമണം. ശിവശങ്കറിന്റെ ചിത്രം പകർത്തുന്നതു തടയാനായിരുന്നു ശ്രമം. ഫൊട്ടോഗ്രഫർമാരെയും വിഡിയോഗ്രഫർമാരെയും മർദിച്ചു തള്ളി മാറ്റിയ ഇയാൾ ഒരാളുടെ കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. 

മാധ്യമ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയതോടെ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലേക്കു ഓടിക്കയറിപ്പോയി. മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നു പൊലീസ് സ്ഥലത്തെത്തി. ഡിസിപി: സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ ഇയാളുടെ ആക്രമണ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണു കേസെടുത്തത്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

MORE IN Kuttapathram
SHOW MORE
Loading...
Loading...