ആദര്‍ശിന്റെ റീ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞിട്ട് ഒരു വർഷം; അന്വേഷണം എങ്ങുമെത്തിയില്ല

adarsh-dath-case-02
SHARE

തിരുവനന്തപുരം ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ ദുരൂഹ മരണത്തിന്റെ ഉത്തരംതേടി റീ പോസ്റ്റുമോര്‍ട്ടം നടത്തി ഒരു വര്‍ഷമായിട്ടും തുടര്‍നടപടിയില്ല. റീ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൈംബ്രാഞ്ച് സംഘം തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന വിഷമത്തിലാണ് മാതാപിതാക്കള്‍. എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇനിയും വന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

ആദര്‍ശെന്ന പതിമൂന്ന് കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് പതിനൊന്നര വര്‍ഷമായി. പാല്‍ വാങ്ങാനായി പോയ ആദര്‍ശിന്റെ മൃതദേഹം വഴിയരുകിലെ കുളത്തില്‍ നിന്നാണ് കിട്ടിയത്.  മുങ്ങിമരണമെന്ന് കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്കും സുഷുമ്ന നാഡിക്കുമേറ്റ മര്‍ദനമാണ് മരണകാരണമെന്ന് കണ്ടതോടെയാണ് കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.

കുടുംബത്തിന്റെ നിരന്തര ആവശ്യത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഇതേദിവസം മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ക്രൈംബ്രാഞ്ച് പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പക്ഷെ അന്വേഷണം അവിടെ തീര്‍ന്നു.

ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജമുള്‍പ്പെടെ കണ്ടതിനാല്‍ കൊലപ്പെടുത്തിയ ശേഷം കുളത്തിലിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. വെള്ളം കുടിച്ചാണോ മരണം എന്നതുള്‍പ്പെടെ മരണകാരണം കൃത്യമായി അറിയാനാണ് റീപോസ്റ്റുമോര്‍ട്ടത്തിലൂടെ ലക്ഷ്യമിട്ടത്. പക്ഷെ റിപ്പോര്‍ട്ട് ഒരു വര്‍ഷമായിട്ടും കിട്ടാത്തതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഫൊറന്‍സിക് ലാബിലെ വൈകലും അന്വേഷണസംഘത്തിന്റെ ഉഴപ്പും കൂടിയാകുമ്പോള്‍ മകനെ നഷ്ടമായ അച്ഛന്റെയും അമ്മയുടെയും കണ്ണീരാണ് പതിനൊന്നരവര്‍ഷമായി തോരാതെ നില്‍ക്കുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...