സിപിഎം പ്രവർത്തകയുടെ തൂങ്ങിമരണം; പാർട്ടി നേതാക്കള്‍ക്കെതിരെ അന്വേഷണം

parassala-suicide
SHARE

തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ സിപിഎം പ്രവര്‍ത്തക പാര്‍ട്ടി ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ചത് അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി തീരുമാനം. ആശയുടെ ആത്മഹത്യാകുറിപ്പില്‍ പേരുപരാമര്‍ശിച്ചിട്ടുള്ള നേതാക്കള്‍ക്കെതിരെ അടക്കമാണ് പാര്‍ട്ടി അന്വേഷണം.

കഴിഞ്ഞമാസം പത്തിനായിരുന്നു പാറശാല ഉദയന്‍കുളങ്ങരയില്‍ സിപിഎം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സി.ആശ എന്ന പ്രവര്‍ത്തക തൂങ്ങിമരിച്ചത്. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനമാണ് കടുംകൈ ചെയ്യുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നു. ആരോപണവിധേയര്‍ക്കെതിരെ അന്വേഷിച്ച് നടപടിയുണ്ടാകുമെന്ന് ആശയുടെ കുടുംബത്തിന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞദിവസം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.രതീന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തു.

ആശയുടെ കത്തില്‍ പറയുന്ന ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയി എന്നീ നേതാക്കള്‍ക്ക് പുറമെ മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗത്തിനും ഏരിയ കമ്മിറ്റിയംഗത്തിനും എതിരെ അന്വേഷണം നടത്തും. ആരോപണവിധേയരായവര്‍ക്കെതിരെ ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുണ്ടായി.  ഇവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയാകും അന്വേഷണമെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇക്കാര്യം പാറശാല ഏരിയ സെക്രട്ടറി അജയകുമാര്‍ നിഷേധിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ നടപടിയെടുക്കൂ എന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...