കാണിക്കയിട്ട ശേഷം ഭണ്ഡാരം കവർന്ന കള്ളൻ, സിസിടിവി ക്യാമറയിൽ കുടുങ്ങി

kannur-purakkulam-kottayam
SHARE

ക്ഷേത്രത്തിൽ കാണിക്കയിട്ട ശേഷം ഭണ്ഡാരം കവർച്ച നടത്തിയ കള്ളൻ സിസിടിവി ക്യാമറയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം പുറക്കളം കോട്ടയം തിരൂർക്കുന്ന് മഹാഗണപതി ക്ഷേത്രത്തിൽ കവർച്ച നടത്തിയയാളുടെ ദൃശ്യങ്ങളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് ക്ഷേത്ര പരിസരത്ത് എത്തിയത്. രണ്ട് തവണ ക്ഷേത്രത്തിന് മുന്നിലെത്തി നിരീക്ഷണം നടത്തിയ ശേഷം മുൻവശത്തെ ഗേറ്റ് ചാടി കടന്ന് ചുറ്റുമതിലിനു ഉള്ളിൽ പ്രവേശിച്ചു. 

ക്ഷേത്രത്തിനു അകത്തു ഉണ്ടായിരുന്ന പാര കൊണ്ട് ഒരു ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്നു. തുടർന്ന് മറ്റ് ഭണ്ഡാരങ്ങളും ക്ഷേത്ര പരിസരവും നിരീക്ഷിച്ച ശേഷം മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ടും തകർത്ത് അതിൽ നിന്നു പണം കവർന്നു.ഒരു ഭണ്ഡാരപ്പെട്ടിയിൽ നിന്നു പണം കവർന്ന ശേഷം മറ്റൊരു ഭണ്ഡാരപ്പെട്ടിയിൽ കാണിക്ക സമർപ്പിച്ചാണ് ആ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് കവർച്ച നടത്തിയത്. ഇതിന് പുറമേ ഭണ്ഡാരങ്ങളുടെ പൂട്ട് തകർക്കാൻ ഉപയോഗിച്ച പാര യഥാസ്ഥാനത്ത് കൊണ്ടു വയ്ക്കുകയും ചെയ്തു എന്നതും രസകരമായ കാര്യമാണ്.

50 മിനിറ്റ് ഓളം ക്ഷേത്രത്തിൽ ചെലവഴിച്ച മോഷ്ടാവ് വന്ന വഴിയിലൂടെ തന്നെയാണ് തിരിച്ചു പോയത്. ഒരു ഭണ്ഡാരത്തിന്റ പൂട്ട് ക്ഷേത്ര പരിസരത്തെ ആൽമരത്തിന്റെ ചുവട്ടിൽ നിന്നും കണ്ടെത്തി. ക്ഷേത്രത്തിന് പിൻവശത്തെ ഒരു വീടിന്റെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇയാളുടെ എന്ന് കരുതുന്ന ചെരിപ്പ്, തോർത്തുമുണ്ട് എന്നിവ കണ്ടെത്തി.ക്ഷേത്ര ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കതിരൂർ പൊലീസ് ബുധനാഴ്ച സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എസ്ഐമാരായ കെ.സി.അഭിലാഷ്, ദീലീപ് ബാലക്കണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ക്ഷേത്ര പുനരുദ്ധാരണത്തിനായി കൊണ്ടു വച്ച മരത്തിന്റെ ഉരുപ്പടികളിൽ ചിലത് ഒരു വർഷം മുൻപ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയിരുന്നു. ഇതേ തുടർന്ന് പൊലീസിന്റെ നിർദേശ പ്രകാരമാണ് ക്ഷേത്രത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത്. അതെ സമയം ഈ ക്ഷേത്രത്തിന് സമീപത്തെ കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലും ചൊവ്വാഴ്ച പുലർച്ചെ മോഷണ ശ്രമം നടന്നിരുന്നു. ഈ ക്ഷേത്രത്തിലും പൊലീസ് പരിശോധന നടത്തി

MORE IN Kuttapathram
SHOW MORE
Loading...
Loading...