വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്: രണ്ടാം പ്രതി പിടിയിൽ

peedanam
SHARE

കോഴിക്കോട് മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന  രണ്ടാംപ്രതി പിടിയില്‍. വേങ്ങര സ്വദേശി ജമാലുദ്ദീനെയാണ് വടകര എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം ബെംഗലൂരുവില്‍ നിന്ന് പിടികൂടിയത്. ആക്രമണത്തിന് ശേഷം നാടുവിട്ട ജമാലുദ്ദീന്‍ ജിഗിനിയെന്ന സ്ഥലത്ത് ഒളിച്ചുകഴിയുകയായിരുന്നു.    

വയോധികയെ ആക്രമിക്കും മുന്‍പ് മറ്റൊരു സ്ത്രീയെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ഒന്നാംപ്രതി മുജീബ് റഹ്മാന്‍ ശ്രമിച്ചിരുന്നു. ചോമ്പാലില്‍ നിന്ന് കവര്‍ന്ന ഈ ഓട്ടോറിക്ഷയുടെ നമ്പരുള്‍പ്പെടെ മാറ്റിയത് മുജീബ് റഹ്മാനും ജമാലുദ്ദീനും ചേര്‍ന്നായിരുന്നു. ഈ കേസിലാണ് ജമാലുദ്ദീന്റെ അറസ്റ്റ്. മുത്തേരി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജമാലുദ്ദീന്റെ അറസ്റ്റ് അടുത്തദിവസമുണ്ടാകും. കേസിലെ ഒന്നാംപ്രതി മുജീബ് റഹ്മാന് കവര്‍ച്ചയ്ക്കുള്ള വഴികളൊരുക്കി നല്‍കിയത് ജമാലുദ്ദീനായിരുന്നു. ലഹരിവില്‍പനയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇരുവരെയും സുഹൃത്തുക്കളാക്കിയത്. കവര്‍ച്ചയ്ക്ക് ശേഷം മുജീബിന് താമസിക്കാന്‍ സൗകര്യം നല്‍കിയതും കവര്‍ന്ന സ്വര്‍ണമുള്‍പ്പെടെ വില്‍ക്കാന്‍ സഹായിച്ചതും ജമാലുദ്ദീനും സുഹൃത്ത് സൂര്യയും ചേര്‍ന്നായിരുന്നു. കഞ്ചാവ് വില്‍പനക്കേസില്‍ അറസ്റ്റിലായ സൂര്യ മുത്തേരി കേസില്‍ മൂന്നാം പ്രതിയാണ്. 

  

ചെറിയ അളവിലുള്ള ലഹരി വില്‍പനയ്ക്കൊപ്പം വേങ്ങര സ്വദേശി ജിഗിനിയില്‍ നടത്തുന്ന ഹോട്ടലില്‍ സഹായിയായും ജമാലുദ്ദീന്‍ പ്രവര്‍ത്തിച്ചു. പൊലീസിന്റെ ശ്രദ്ധയെത്താതിരിക്കാന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ഇരുപത്തി അഞ്ച് ദിവസത്തിലധികം പ്രവര്‍ത്തനരഹിതമാക്കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്താനും സാധ്യതയില്ലെന്ന് കരുതി. സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് ബന്ധുക്കളെ വിളിച്ചിരുന്നത്. നാട്ടിലെ സുഹൃത്തുക്കളുടെ ഫോണിലേക്ക് വരുന്ന വിളികള്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ജമാലുദ്ദീനെ കുടുക്കിയത്. ജമാലുദ്ദീന്‍ ജിഗിനിയിലെ ഹോട്ടലില്‍ പതിവ് സന്ദര്‍ശകനെന്ന് മനസിലാക്കിയാണ് എസ്.പിയുടെ കീഴിലുള്ള നാലംഗ സ്പെഷല്‍ സ്ക്വാഡെത്തിയത്. രാത്രി ഒന്‍പതരയോടെ ഹോട്ടല്‍ വളഞ്ഞ് പിടികൂടുകയായിരുന്നു. പൊലീസെത്തിയാല്‍ കാറില്‍ രക്ഷപ്പെടാനാണ് തീരുമാനിച്ചിരുന്നതെന്ന് ജമാലുദ്ദീന്‍ മൊഴി നല്‍കി. അതേസമയം അഞ്ച് ദിവസം മുന്‍പ് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മുത്തേരി കേസിലെ ഒന്നാംപ്രതി മുജീബ് റഹ്മാനെ ഇതുവരെ പിടികൂടാനായിട്ടില്ല. 

MORE IN Kuttapathram
SHOW MORE
Loading...
Loading...