ലോറി കൊള്ളയടിച്ചു; 2 കോടിയുടെ ഫോണുകൾ കവർന്നു

mi-robbery
SHARE

ചെന്നൈയിലെ ഷവോമി മൊബൈല്‍ കമ്പനിയുടെ പ്ലാന്റില്‍ നിന്നും കൊണ്ടുപോയ രണ്ടു കോടി രൂപയുടെ ഫോണുകൾ‍ കൊള്ളയടിച്ചു. തെലങ്കാനയിലെ േമഡക് ജില്ലയില്‍ വച്ചാണ് ഓടുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്തത്. രണ്ടുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഫോണ്‍ കൊള്ളയാണിത്.

ഷവോമി കമ്പനിയുടെ ഫോണുകളുമായി പോകുന്ന ലോറികള്‍ കൊള്ളയടിക്കുന്നത് തുടര്‍കഥയാവുകയാണ്. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും ദേശീയപാതകളില്‍ വച്ചാണ് ആസൂത്രിതമായി ഓടികൊണ്ടിരിക്കുന്ന ലോറികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വിദഗ്ധമായി കവരുന്നത്.  കഴിഞ്ഞ ബുധനാഴ്ച നടന്ന രണ്ടു കോടി രൂപയുടെ കൊള്ള ഇന്നലെയാണു പുറം ലോകം അറിഞ്ഞത്. ചെന്നൈ ശ്രീപെരുമ്പത്തൂരിലെയും ആന്ധ്രപ്രദേശിലെ  ശ്രീസിറ്റിയിലെയും പ്ലാന്റുകളില്‍ നിന്ന് ‍ഡല്‍ഹിക്കു പോയ കണ്ടെയ്നര്‍ ലോറിയാണ് കൊള്ളക്കിരയാക്കിയത്. കവര്‍ച്ച നടന്നു 250 കിലോമീറ്റര്‍ ഓടിയതിനു ശേഷമാണ് ലോറിയുടെ ഡ്രൈവറും ക്ലീനറും സംഭവം അറിയുന്നതെന്നതാണ്  ആശ്ചര്യം. 

മേഡക് എസ്.പി  ജി.നന്ദന ദീപ്തി സംഭവത്തെ കുറിച്ചു പറയുന്നത് ഇങ്ങിനെയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി മസായിപേട്ട് എന്ന സ്ഥലത്തെ വഴിയോര ദാബയില്‍ നിന്ന് ഡ്രൈവര്‍ ശ്രീനിവാസും ക്ലീനറും ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം  ഓട്ടം തുടര്‍ന്ന ലോറി ഇന്ധനം നിറക്കുന്നതിനായി അദിലാബാദ് ജില്ലയിലെ ഇച്ചോടെയന്ന സ്ഥലത്തെ പമ്പില്‍ നിര്‍ത്തിയപ്പോഴാണ് കണ്ടെയ്നറിന്റെ വാതികളുകള്‍ ആരോ തുറന്നതായി ശ്രദ്ധയില്‍പെട്ടത്. 

പരിശോധനയില്‍ മൊബൈല്‍ഫോണുകളടങ്ങിയ പെട്ടികള്‍ നഷ്ടപെട്ടതായി കണ്ടെത്തി. തുടര്‍ന്ന്  ലോറി മസായിപേട്ടില്‍ തിരികെ എത്തിച്ചു പരിശോധിച്ചെങ്കിലും നഷ്ടമായവ കണ്ടെത്താനായില്ല. തുടര്‍ന്നു ലോറി കമ്പനി പരാതി നല്‍കി. പരിശോധനയില്‍ 2442 റെഡ് മീ 9 പ്രോ ഫോണുകള്‍ നഷ്ടമായതായി സ്ഥിരീകരിച്ചു. ഇവയ്ക്കു രണ്ടുകോടിയിലധികം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. പരാതി കിട്ടിയ ഉടനെ പ്രത്യേക സംഘം  രൂപീകരിച്ചു അന്വേഷണം തുടങ്ങിയതായി  മേഡക് എസ്.പി അറിയിച്ചു. 

ഡ്രൈവറെയും ക്ലീനറെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതു തുടരുകയാണ് .ഇരുപതു ദിവസത്തിനിടെ എം.ഐ ഫോണുകളുമായി പോയ മൂന്നാമത്തെ കണ്ടെയ്നര്‍ ലോറിയാണ് കൊള്ളയടിക്കുന്നത്. ഓഗസ്റ്റ് 26 ന്  ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വച്ചു ലോറിയില്‍ കാറിടിപ്പിച്ച ശേഷം  ഡ്രൈവറെയും ക്ലീനറെയും  കീഴ്പെടുത്തി ആറുകോടിയുടെ ഫോണുകള് കവര്‍ന്നിരുന്നു.  ഈമാസം ആറിനു തെലങ്കാനയിലെ ഗുണ്ടൂരില്‍ വച്ചു നടന്ന കൊള്ളയില്‍ 80 ലക്ഷത്തിന്റെ   ഫോണുകളാണ് നഷ്ടമായത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...