ബൈക്കിലെത്തി സ്ത്രീകളുടെ ബാഗ് തട്ടിയെടുക്കും; പ്രതിയെ നാട്ടുകാർ പിടികൂടി

kozhikode-theft-3
SHARE

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം കൊടുവള്ളി മേഖലയില്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ ബാഗ് തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പതിമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാറിനെയാണ് നാട്ടുകാര്‍ പിടികൂടി കൊടുവള്ളി പൊലീസിന് കൈമാറിയത്. അഞ്ചിടങ്ങളിലെ സമാന കവര്‍ച്ചയ്ക്ക് ഇതോടെ തുമ്പായി.  

സ്വന്തമായി ഇരുചക്രവാഹനമില്ല. നടന്നു നീങ്ങിയുള്ള കവര്‍ച്ചയ്ക്ക് തീരെ താല്‍പര്യവുമില്ല. മോഷ്ടിച്ച വാഹനത്തിന്റെ നമ്പരുള്‍പ്പെടെ മാറ്റിയാണ് തട്ടിപ്പ് യാത്രയ്ക്കുള്ള തയാറെടുപ്പ്. സ്ത്രീകളോടിക്കുന്ന വാഹനത്തില്‍ പിന്‍സീറ്റിലായി ബാഗുമായി മറ്റൊരു വനിതയുണ്ടെങ്കില്‍ ജബ്ബാറിന്റെ ശ്രദ്ധയെത്തും. എത്രദൂരം വേണമെങ്കിലും പിന്തുടര്‍ന്ന് ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടും. അമിത വേഗതയില്‍ സാഹസികമായി വാഹനമോടിക്കാനുള്ള ശേഷിയാണ് ജബ്ബാറിനെ പലപ്പോഴും രക്ഷപ്പെടുത്തിയത്. അടുത്തടുത്ത ദിവസങ്ങളിലാണ് കാരന്തൂരിലും, കൊടുവള്ളിയിലും സമാന രീതിയില്‍ ജബ്ബാര്‍ ബാഗ് തട്ടിയെടുത്തത്. 

കാരന്തൂരിലെ കവര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രധാന തുമ്പായത്. മറ്റൊരു കവര്‍ച്ചാശ്രമം കൊടുവള്ളിയിലെ നാട്ടുകാര്‍ വിഫലമാക്കി. കീഴ്പ്പെടുത്തി  പൊലീസിലേല്‍പ്പിക്കുകയായിരുന്നു. കവര്‍ച്ചാസമയത്ത് കൈവശമുണ്ടായിരുന്നത് മറ്റൊരാളുടെ വാഹനമെന്ന് വ്യക്തമായി. മറ്റ് മൂന്നിടങ്ങളിലെ കവര്‍ച്ചയെക്കുറിച്ച് ജബ്ബാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബാഗ് നഷ്ടപ്പെട്ട സ്ത്രീകള്‍ ജബ്ബാറിനെ തിരിച്ചറിഞ്ഞു. പിന്നാലെ കവര്‍ച്ച നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...