കാമുകിയുടെ പേരിൽ ചാറ്റ് ചെയ്ത് പുലര്‍ച്ചെ പുറത്ത് എത്തിച്ചു; വടികൊണ്ട് അടിച്ച് കൊന്നു

pranav-murder-case
SHARE

വൈപ്പിൻ ചെറായിയിൽ അടിയേറ്റു മരിച്ച പ്രണവ് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്. ഇപ്പോൾ തന്നെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടേതെന്നു തോന്നിക്കുന്ന സമൂഹമാധ്യമ പേജിൽ നിന്നാണ് പ്രണവിന് സന്ദേശം വന്നത്. അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാൾ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പ്രതികൾ യുവതിയുടെ പേരിൽ നിർമിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് ക്രിമിനൽ സംഘം സന്ദേശം അയയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസിൽ ശരത്, ജിബിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനൽ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിൽ ആയതോടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് എന്നാണ് വിവരം. പെൺകുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാൻ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു. 

ഏതു രാത്രിയിലും യുവതി വിളിച്ചാൽ പ്രണവ് ഇറങ്ങി വരുമെന്ന് അറിയാമായിരുന്ന ശരത്തും സംഘവും ആദ്യം പെൺകുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പെൺകുട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കേണ്ട എന്നതിനാൽ യുവതിയുടെ പേരിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അർധരാത്രി പ്രണവിനെ സമൂഹമാധ്യമത്തിലൂടെ വിളിച്ച് ഉണർത്തി ചാറ്റ് ചെയ്ത് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. 

പ്രതികളും മരിച്ച പ്രണവുമെല്ലാം നേരത്തെ പരിചയക്കാരായിരുന്നെങ്കിലും പ്രത്യേക സ്വഭാവക്കാരനായിരുന്ന പ്രണവ് ഒറ്റതിരിഞ്ഞ് നടക്കുന്നതായിരുന്നു പതിവ്. കാമുകി ആവശ്യപ്പെട്ടതനുസരിച്ച് ഇറങ്ങി വന്ന പ്രണവിനെ കാത്തുനിന്ന സംഘം ശീമക്കൊന്നയുടെ വടി ഉപയോഗിച്ച് അടിച്ച് വകവരുത്തുകയായിരുന്നു. തലയ്ക്കേറ്റ അടി ഗുരുതരമായതാണ് മരണകാരണം. 

പുലർച്ചെ നാലുമണിയോടെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്ത് പോക്കറ്റ് റോഡിൽ മൃതദേഹം കണ്ടെത്തിയത്.  പ്രണവിനെ അടിക്കുന്നതിന് ഉപയോഗിച്ച വടിയും പൊട്ടിയ ട്യൂബ് ലൈറ്റും സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. പുലർച്ചെ മൂന്നരയ്ക്ക് ഇതുവഴി മൽസ്യത്തൊഴിലാളികൾ വാഹനത്തിൽ പോയെങ്കിലും മൃതദേഹം കണ്ടിരുന്നില്ല. നാലുമണിയോടെ ഇവിടെ എത്തിയ മൽസ്യത്തൊഴിലാളികളാണ് പ്രണവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

ലോക്ഡൗണിനെ തുടർന്ന് വിനോദ സഞ്ചാരികൾ പോലും വരാതായതോടെ ബീച്ച് പ്രദേശങ്ങളെല്ലാം വിജനമായ സാഹചര്യമാണുള്ളത്. പ്രദേശം ലഹരി മരുന്നു സംഘവും ഗുണ്ടകളും കീഴടക്കിയിരിക്കുകയാണ്. ഈ കേസിലെ പ്രതിയും മരിച്ച യുവാവും ഉൾപ്പടെയുള്ളവരെല്ലാം ലഹരി ഉപയോഗിക്കുന്നവരും വിൽപന നടത്തുന്നവരുമാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ലഹരി വിൽപന നടത്തുന്ന ഒന്നോ രണ്ടോ സംഘമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ലഹരി ഉപയോഗിക്കുന്നവരുടെയും ഇടപാടുകാരും കൂടുതലാണ്. അതുകൊണ്ടു തന്നെ സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും ഇവിടെ പതിവാണ്. മരിച്ച പ്രണവ് കൂടുതൽ അക്രമകാരിയും ആളുകളുമായി കലഹമുണ്ടാക്കാറുണ്ടായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...