യുവതിയുടെ പരാതി; കോഴിക്കോട് കമ്മിഷണര്‍ക്കെതിരെ അന്വേഷണം

umesh-suspension-3
SHARE

പൊലീസുകാരന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ സുഹൃത്തായ യുവതിക്കെതിരെ മോശം പരാമര്‍ശം ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ അന്വേഷണം. യുവതിയുടെ പരാതിയില്‍ ഉത്തരമേഖല ഐ.ജി. അശോക് യാദവ്,, കമ്മിഷണര്‍ എ.വി.ജോര്‍ജിനോട് റിപ്പോര്‍ട്ട് തേടി. നിയമപരമായി മാത്രമാണ് പ്രവര്‍ത്തിച്ചത് എന്നാണ് കമ്മിഷണറുടെ വിശദീകരണം. 

കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിലിനെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവിലാണ് ഗായികയായ യുവതിയെക്കുറിച്ച് പരാമര്‍ശമുള്ളത്. യുവതി താമസിക്കുന്ന ഫ്ളാറ്റ് ഉമേഷാണ് വാടകയ്ക്ക് എടുത്ത് നല്‍കിയത്. നിയമപരമായി കുടുംബ ബന്ധം വേര്‍പെടുത്താത്ത ഉമേഷ് ഫ്ളാറ്റില്‍ യുവതിക്കൊപ്പം കഴിയുകയാണ്. ഇത് സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് കാണിച്ചാണ് സസ്പെന്‍ഷന്‍. മകളെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചിരിക്കുകയാണെന്ന് കാട്ടി യുവതിയുടെ മാതാവ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതി സ്പെഷല്‍ ബ്രാഞ്ച് എ.സി.പി അന്വേഷിക്കുകയായിരുന്നു. 

താനുമായി ബന്ധമില്ലാത്ത കാര്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ കമ്മിഷണര്‍ പലതും എഴുതിച്ചേര്‍ത്തുവെന്നാണ് യുവതിയുടെ പരാതി. വനിതാ പൊലിസുകാരില്ലാതെ ഫ്ളാറ്റിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു. പൊലീസുകാരനോടുള്ള വ്യക്തി വൈരാഗ്യത്തില്‍ തന്നെയും ഇരയാക്കിയെന്നാണ് 

യുവതി ഐ.ജിക്ക് നല്‍കിയ പരാതിയിലുള്ളത്. ബോധ്യമായ കാര്യങ്ങളാണ് ഉത്തരവിലുള്ളതെന്നും ആരെയും അപമാനിച്ചിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. 

യുവതിക്കെതിരായ കമ്മിഷണറുടെ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...