ആർസി ബുക്കിന്റെ കോപ്പി ചോദിക്കും, പിന്നാലെ പരസ്യം; തട്ടിപ്പിന് തലവയ്ക്കല്ലേ...

rc-book-fraud
SHARE

പുത്തൂർ: തന്റെ പേരിലുള്ള കാറിന്റെ വിൽപന പരസ്യം ഓൺലൈൻ സൈറ്റിൽ കണ്ടു തട്ടിപ്പിനിരയാകരുത് എന്ന മുന്നറിയിപ്പുമായി സൈനികൻ. ഹവിൽദാറായ ചെറുപൊയ്ക പത്മസരോവരത്തിൽ ജി.സുനിൽകുമാറാണ് (43) കാർ വിൽപന തട്ടിപ്പിന് തല വയ്ക്കല്ലേ എന്ന അഭ്യർഥനയുമായി രംഗത്ത് എത്തിയത്. ഇതിനകം ഒട്ടേറെ പേരുടെ പണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ച അദ്ദേഹം തട്ടിപ്പിന്റെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി കൊല്ലം റൂറൽ സൈബർ സെല്ലിൽ പരാതിയും നൽകി.

ഒരു വർഷം മുൻപ് KL–02–AF-1990 നമ്പരിലുള്ള കാർ വിൽക്കാനായി സുനിൽകുമാർ ഓൺലൈൻ സൈറ്റിൽ പരസ്യം കൊടുത്തതാണ് സംഭവങ്ങളുടെ തുടക്കം. പരസ്യം കണ്ടു ബെംഗളൂരുവിൽ എയർപോർട്ട് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തിയ ആളും വിളിച്ചിരുന്നു. സുനിൽകുമാർ പ്രതീക്ഷിച്ച വില പറഞ്ഞ ഇയാൾ ആർസി ബുക്കിന്റെ കോപ്പിയും രേഖകളും ഓൺലൈനിൽ അയച്ചു നൽകാൻ ആവശ്യപ്പെട്ടു. സൈനികൻ എന്നു തെളിയിക്കുന്ന രേഖയും ആവശ്യപ്പെട്ടു. 

കാറിന്റെ രേഖകളും ചിത്രങ്ങളും കന്റീൻ കാർഡിന്റെ പകർപ്പും സുനിൽകുമാർ അയച്ചു കൊടുത്തു. പിന്നീടു വിവരം ഒന്നുമുണ്ടായില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഓൺലൈൻ സൈറ്റിൽ ഇതേ കാർ വിൽപനയ്ക്ക് എന്നു പറഞ്ഞു മറ്റൊരു പരസ്യം എത്തി. സുനിൽകുമാർ നൽകിയ ചിത്രങ്ങളും രേഖകളും തിരിച്ചറിയൽ കാർഡും ഉപയോഗിച്ചായിരുന്നു ഇത്. വില 1.25 ലക്ഷം എന്നായിരുന്നു കാണിച്ചിരുന്നത്. ഇതു വ്യാജമാണെന്നും പരസ്യം തട്ടിപ്പാണെന്നും കാട്ടി സുനിൽകുമാർ പരാതി നൽകിയപ്പോഴേക്കും പരസ്യത്തിൽ കുടുങ്ങി പലരുടെയും പണം നഷ്ടപ്പെട്ടിരുന്നു.

കാർ ആവശ്യപ്പെട്ടു വിളിക്കുന്നവരോടു കാർഗോയിൽ അയയ്ക്കാമെന്നും കാർഗോ ഫീസായി 4,000 മുതൽ 25,000 വരെ രൂപ അടയ്ക്കാനും ആവശ്യപ്പെടുന്നതാണു തട്ടിപ്പിന്റെ രീതി. കാർ സ്ഥലത്തെത്തി ഇഷ്ടപ്പെട്ടാൽ മാത്രം പണം നൽകിയാൽ മതിയെന്നും വിശ്വസിപ്പിക്കും. കൃത്രിമ കാർഗോ രസീതും കാർഗോ ഓഫിസിന്റെ വിഡിയോയും അയച്ചു നൽകും. ഇതു വിശ്വസിച്ചു പണം ഓൺലൈനിൽ നൽകിയവർക്കാണു തുക നഷ്ടപ്പെട്ടത്.

പലരും പൊലീസിൽ പരാതി നൽകിയെങ്കിലും നാണക്കേട് ഭയന്നു വിവരം പുറത്തു പറയാത്തവരുമുണ്ട്. ആർസി ബുക്കിലെ ഫോൺ നമ്പർ വച്ചു പലരും വിളിച്ചു ചോദിക്കുമ്പോഴാണു സുനിൽകുമാറും വിവരം അറിയുന്നത്.  ഓൺലൈൻ സൈറ്റിൽ ആദ്യം കൊടുത്ത തട്ടിപ്പു പരസ്യം പൊലീസ് ഇടപെട്ടു നീക്കിയെങ്കിലും വീണ്ടും പുതിയതു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. തട്ടിപ്പിനെക്കുറിച്ചു പൊലീസ് സൈബർ സെല്ലും മുന്നറിയിപ്പു നൽ‍കിയിട്ടുണ്ട്.  കാറിനു പുറമേ ബൈക്കും വിൽപനയ്ക്ക് ഉണ്ടെന്നു കാട്ടിയും സമാനമായ തട്ടിപ്പുകാർ രംഗത്തുണ്ടത്രെ.

MORE IN Kuttapathram
SHOW MORE
Loading...
Loading...