മുന്നറിയിപ്പ് അവഗണിച്ചു; നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു; പിടിക്കാന്‍ പ്രത്യേക സംഘം

special-team-for-mujeeb-rah
SHARE

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതിെയ പിടികൂടാന്‍ പ്രത്യേക സംഘം. കോഴിക്കോട് നടക്കാവ് സി.ഐയുടെ നേതൃത്വത്തിലാണ് മുത്തേരി പീഡനക്കേസ് പ്രതി മുജീബ് റഹ്മാനായി അന്വേഷണം വിപുലമാക്കിയത്. മുജീബിന്റെ കാര്യത്തില്‍ പ്രത്യേക നിരീക്ഷണമുണ്ടാകണമെന്ന പൊലീസ് മുന്നറിയിപ്പ് ജയില്‍ അധികൃതര്‍ അവഗണിച്ചുവെന്നാണ് വിമര്‍ശനം. മുത്തേരി പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അപകടകാരിയെന്ന് വടകര റൂറല്‍ എസ്.പി മുന്നറിയിപ്പ് നല്‍കിയ പ്രതിയാണ് നിസാരമായി ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. 

2019 ല്‍ കരുവമ്പ്രത്ത് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് സ്ത്രീയുടെ ഏഴ് പവന്‍ മാല കവര്‍ന്ന കേസില്‍ മുജീബ് റഹ്മാന്‍ പ്രതിയാണ്. മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന് ശേഷം കഴിഞ്ഞദിവസമാണ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. കോവിഡ് ഫലം വരുന്നതിനിടെയുള്ള ഇടവേളയില്‍ നിരീക്ഷണത്തിനായി കരുതിയ ഈസ്റ്റ് ഹില്ലിലെ താല്‍ക്കാലിക സെല്ലില്‍ നിന്നാണ് മുജീബ് രക്ഷപ്പെട്ടത്. ടെലിവിഷന്‍ റൂമിലെ ജനല്‍പ്പാളിയും അലുമിനിയം ഗ്രില്ലും തകര്‍ത്ത് ടെറസ് വഴി താഴേക്കിറങ്ങുകയായിരുന്നു. രക്ഷപ്പെടലിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് വിലയിരുത്തല്‍. 

നടക്കാവ് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. മുത്തേരി കേസില്‍ മുജീബിനെ പിന്തുടര്‍ന്ന വടകര റൂറലിലെ സൈബര്‍ സെല്ലിന്റെ സഹായവുമുണ്ട്. ഓട്ടോയില്‍ കയറിയ വയോധികയെ കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. സമാനമായ അഞ്ച് കേസുകളിലാണ് മുക്കം പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തുമ്പുണ്ടായത്. നിരീക്ഷിക്കാനിട നല്‍കാത്ത വിധം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുജീബ് പൊലീസിനെ വെട്ടിച്ച് കഴിയാന്‍ മിടുക്കുള്ള കവര്‍ച്ചക്കാരനാണ്. മുത്തേരി പീഡനക്കേസില്‍ പിടിയിലാകാനുള്ള മുജീബിന്റെ സുഹൃത്ത് ജമാലുദീനെ കാണാനുള്ള സാധ്യതയും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. മുജീബിന്റെ രീതി കണക്കിലെടുത്താല്‍ വൈകാതെ നഗരത്തിലെവിടെയെങ്കിലും കവര്‍ച്ചയോ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനോ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...