519 ജയിൽ ദിനങ്ങൾ; ഒടുവിൽ നിരപരാധിയായി ജോഷി വീട്ടിലേക്ക്

joshi-wb
SHARE

  519 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് ജോഷി  മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് ഭാര്യ ഓമനയും സ്കൂൾ വിദ്യാർഥികളായ 3 മക്കളുമടങ്ങുന്ന കുടുംബം. കേസ് നടത്താൻ സാമ്പത്തിക സാഹചര്യമില്ലാതിരുന്നതിനാൽ ജോഷിയെ ജാമ്യത്തിലിറക്കാൻ ഇവർക്കു കഴിഞ്ഞിരുന്നില്ല.

 എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസിൽ ജാമ്യമെടുക്കാൻ കഴിയാത്തതിനാൽ 519 ദിവസം ജയിലിൽ കഴിഞ്ഞ ജോഷിയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. 2019 ഏപ്രിൽ 7 ന്, ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ മണ്ണഞ്ചേരി ഈസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തി നശിച്ച കേസിലാണ് മണ്ണഞ്ചേരി ആറാംവാർഡിൽ കണ്ടത്തിൽ സുബ്രഹ്മണ്യന്റെ മകൻ ജോഷിയെ (58) അറസ്റ്റ് ചെയ്തത്. ജോഷിയാണ് കുറ്റക്കാരനെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ കോടതി വിട്ടയയ്ക്കുമ്പോഴേക്കും ജോഷി വലിയൊരു ശിക്ഷാകാലം അനുഭവിച്ചുകഴിഞ്ഞിരുന്നു.

പാർട്ടി ഓഫിസിനു ഐഎൻടിയുസി പ്രവർത്തകനായ ജോഷി തീയിട്ടെന്ന എൽഡിഎഫ്  മേഖലാ സെക്രട്ടറിയുടെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ 7 സാക്ഷികളുണ്ടായിരുന്നു. തീവയ്പ്, അതിക്രമിച്ചു കടക്കൽ, ഓഫിസിനു 50,000 രൂപയുടെ നാശനഷ്ടം വരുത്തൽ എന്നീ കുറ്റങ്ങളും ചുമത്തി. ലോക്സഭാ സ്ഥാനാർഥിയായിരുന്ന എ.എം.ആരിഫിനു വേണ്ടി മണ്ണഞ്ചേരിയിൽ മന്ത്രി കെ.ടി.ജലീൽ പങ്കെടുക്കുന്ന തിരഞ്ഞടുപ്പ് സമ്മേളനം പിറ്റേന്നു നടക്കാനിരിക്കെയാണ് ഓഫിസ് കത്തിയത്.  ജോഷിയാണ് കുറ്റക്കാരനെന്നതിനു തെളിവില്ലെന്നു പ്രതിക്കു വേണ്ടി ലീഗൽ സർവീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകൻ പി.പി.ബൈജു വാദിച്ചു. സാക്ഷി മൊഴികളിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് കോടതി ജോഷിയെ വിട്ടയച്ചത്.

അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നിൽക്കാൻ ആളില്ലാത്തതിനാൽ ജോഷിയെ 2 മാസത്തിനു ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. ഫെബ്രുവരിയിൽ വിസ്താരം പൂർത്തിയായെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം തുടർ നടപടികൾക്കായി ജോഷിയെ തിരുവനന്തപുരത്തു നിന്ന് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയതോടെ ജഡ്ജി ബി.മഞ്ജു ഓൺലൈനിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിധി പ്രസ്താവിക്കുകയായിരുന്നു. അതേസമയം ജോഷിക്ക് ഐഎൻടിയുസിയുമായി ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് ജി.ബൈജു പറഞ്ഞു.

ജയിലിൽ പോയി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വാഹനം വിളിക്കാനും മറ്റു കാര്യങ്ങൾക്കും കുടുംബത്തിന് ശേഷിയില്ലായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ ജോഷിയുടെ വലതുകാലിന് വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇപ്പോൾ കാലിൽ കമ്പിയിട്ടിട്ടുണ്ട്. അപകടത്തിന് ശേഷം ഓർമക്കുറവുണ്ടെന്നും ഓമന പറഞ്ഞു. 6 സെന്റ് ഭൂമിയിൽ പണി തീരാത്ത വീട്ടിലാണ് ഓമനയും മക്കളും കഴിയുന്നത്. വീട്ടുചെലവ് പോലും അയൽവീട്ടുകാരുടെ സഹായത്തോടെയാണ് നടക്കുന്നതെന്ന് ഓമന പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...