സ്കൂൾ ഫീസ് കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമരം; രക്ഷിതാക്കൾക്ക്‌ പോലീസ് മർദനം

kochi-parents-01
SHARE

സ്കൂൾ ഫീസ് കുറയ്ക്കണം എന്നാവശ്യപ്പെട്ട് കൊച്ചി ഇടപ്പള്ളിയിൽ സമരം ചെയ്‌ത രക്ഷിതാക്കൾക്ക്‌ പോലീസ് മർദനം. പോലീസുമായുള്ള പിടിവലിയിൽ പരുക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിനെ മർദിച്ചു എന്നാരോപിച്ചു സമരക്കാരിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. 

ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിന് മുന്നിൽ സമരം ചെയ്‌ത രക്ഷിതാക്കൾക്ക് എതിരെയാണ് പോലീസിന്റെ ഈ കൈയ്യൂക്ക്. സമരക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പോലീസ് ശ്രമം ചെറുത്തതാണ് പ്രകോപന കാരണം. സ്കൂളിനു മുന്നിൽ പൊതുവഴിയിൽ നിന്ന് സമാധാനപരമായി സമരം നടത്തിയ രക്ഷിതാക്കളെ സ്ഥലത്തെത്തിയ എളമക്കര എസ് ഐയുടെ നേതൃത്വത്തിൽ ഉള്ള സംഘം ക്രൂരമായി കൈകാര്യം ചെയ്യുകയായിരുന്നു. 

പൊലീസ് പിടിവലിയിൽ നെഞ്ചിന് പരുക്കേറ്റ വനിത തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പ്രതിഷേധക്കാരെ മർദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സ്കൂൾ ഫീസ് പകുതിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകർതൃ സമിതി 17 ദിവസമായി ഇവിടെ സമരത്തിലാണ്. ഓൺലൈൻ ക്ലാസുകളുടെ പേരിൽ മാതാപിതാക്കൾക്ക് കമ്പ്യൂട്ടറിനും ഫോണിനുമെല്ലാമായി വൻ ചെലവ് വന്നിട്ടുണ്ട്. ഇതിനു പുറമെ പല രക്ഷിതാക്കൾക്കും ലോക്ഡൗണിനെ തുടർന്ന് വരുമാനം ഇല്ലാത്ത സാഹചര്യമാണ്.

എന്നാൽ സ്കൂൾ ഫീസ് പിരിക്കുന്നതിന് ഹൈക്കോടതി അനുമതിയുണ്ടെന്ന് കാണിച്ചാണ് സ്വകാര്യ സ്കൂളുകൾ ഫീസ് പിരിക്കുന്നത്. അതേസമയം ഫീസ് അടക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് ഒഴിവാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആലുവയിലെ ഒരു സ്വകാര്യ സ്കൂൾ മാനേജ്മെന്റിന് എതിരെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഈ മാസം പതിനാലിന് മുൻപ് ഫീസ് അടച്ചില്ലെങ്കില് വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് പുറത്താക്കും എന്നായിരുന്നു മാനേജ്മെന്റ് നിലപാട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...