ഗുണ്ട നേതാക്കള്‍ക്ക് ബിജെപി അംഗത്വം; ആയുധങ്ങളുമായി പൊക്കി പൊലീസ്

bjp-membership-for-gunda-le
SHARE

തമിഴ്നാട്ടിൽ ബിജെപിക്ക് നാണക്കേടായി ഗുണ്ട നേതാക്കളുടെ അംഗത്വമെടുക്കൽ. കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ്‌ പങ്കെടുക്കുന്ന പരിപാടിയിൽ വച്ചു പാർട്ടിയിൽ ചേരാനെത്തിയ നാല് ഗുണ്ടകാളെ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. ആറു കൊലപാതകം അടക്കം അമ്പതിലേറെ  കേസുകളിൽ പ്രതിയായ റെഡ് ഹിൽസ് സൂര്യ എന്നയാളുടെ ഗുണ്ടാ സംഘത്തിൽ പെട്ടവരാണ് ചെന്നൈ വണ്ടല്ലൂരിലെ പാർട്ടി പരിപാടി സ്ഥലത്തു വച്ചു അറസ്റ്റിലായത്.നേരത്തെ സേലത്തെ കുപ്രസിദ്ധ ഗുണ്ടയെ യുവമോർച്ച ജില്ലാ ഭാരവാഹിയാക്കിയിരുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കു ലഭിച്ച വോട്ടു പോലും തമിഴ് നാട്ടിൽ ബിജെപിക്ക് ലഭിച്ചിരുന്നില്ല. എങ്ങിനെയെങ്കിലും ജനപ്രീതി നേടിയെടുക്കാനുള്ള  കഠിന ശ്രമത്തിലാണ് പാർട്ടി. അത്തരമൊരു ശ്രമമാണ് ഇപ്പോൾ സംസ്ഥാന ബിജെപിയെ  നാണകേടിന്റെ ഊരാക്കുടുക്കിൽ എത്തിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്. ചെന്നൈ നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടയാണ്‌ റെഡ് ഹിൽ സൂര്യ. ആറു കൊലക്കേസ്. അൻപതിലേറെ തട്ടിക്കൊണ്ടുപോകൽ, പണം പിടിച്ചുപറി കേസുകൾ. ഗുണ്ട ലിസ്റ്റിൽ പെട്ട ഇയാൾ കുറെ കാലമായി ഒളിവിൽ ആണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ.മുരുകൻ പങ്കെടുക്കുന്ന വെണ്ടല്ലൂരിലെ പരിപാടിയിൽ വച്ച് ഇയാളും അനുയായികളും പാർട്ടി അംഗത്വം എടുക്കുന്നതായി പൊലീസിന് വിവരം ലഭിച്ച.തിങ്കളാഴ്ച്ച രാവിലെ മുതൽ പരിപാടി നടക്കുന്ന പ്രദേശം പൊലിസ് നിരീക്ഷണത്തിലായിരുന്നു. വൈകീട്ട് പരിപാടിക്കു തൊട്ടു മുമ്പ് ഒരു കാറിൽ സൂര്യയുടെ അനുയായികൾ എത്തി. 

നേതാവിന്റെ വരവിനു മുൻപ് പരിസര നിരീക്ഷണത്തിനു എത്തിയതായിരുന്നു ഇവർ. പൊലീസുകാരെ കണ്ടതോടെ കൂട്ടത്തിലെ ഒരാൾ ഓടി. പിറകെ പൊലീസുകാരും. നാലുപേർ പിടിയിലായി. തുടർന്ന് നടത്തിയ തിരച്ചിലിൽ കാറിൽ നിന്നും വടിവാൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി. പരിപാടിക്കെത്തിയവരെ കസ്റ്റഡിയിൽ എടുക്കുന്നത് തടയാൻ ബിജെപി പ്രവര്ത്തകര് ശ്രമിച്ചതു പോലീസുമായി വാക്കേറ്റത്തിനിടയാക്കി.എന്നാൽ കേസ് വിവരങ്ങളും കാറിലെ ആയുധങ്ങളും കണ്ടതോടെ പ്രാദേശിക നേതാക്കന്മാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം അവസാനിച്ചു.  സൂചന കിട്ടിയതിനെ തുടർന്ന് സൂര്യ  ഒളിത്താവളത്തിൽ നിന്നും മുങ്ങി എന്നാണ് ചെങ്കൽപെട്ട്‌ പൊലീസ് പറയുന്നത്.അംഗത്വം എടുക്കാൻ വരുന്നവരുടെ ചരിത്രം പരിശോധിക്കാൻ കഴിയില്ലായെന്നായിരുന്നു  അറസ്റ്റിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷം എൽ മുരുകന്റെ പ്രതികരണം. 

എന്നാൽ ഗുണ്ടകൾക്ക് ബിജെപിയിൽ അംഗ്വതം നൽകുന്നത് ആദ്യത്തെ സംഭവം അല്ല. രണ്ടാഴ്ച മുൻപ് ആറു കൊലപാതകം, 13 തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാൽവെട്ടു രവി എന്നറിയപെടുന്ന രവിശങ്കർ  എന്ന ഗുണ്ടാ നേതാവിനും സത്യരാജ് എന്നയാൾക്കും  പാർട്ടി അംഗത്വം നൽകിയിരുന്നു. മാസങ്ങൾക്കു മുൻപ്  സേലത്തു ഗുണ്ട നേതാവായ ജെ. ജെ മുരളീധരനും അംഗത്വം നൽകി. അയാളിപ്പോൾ യുവമോർച്ച സേലം ജില്ലാ പ്രസിഡന്റ്‌ ആണ്. അതിനിടെ ബിജെപി നടപടിക്കെതിരെ  സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...