കോഴിക്കോട്ടെ കവർച്ചാ പരമ്പര; സ്ത്രീയും പുരുഷനും പിടിയിൽ

kozhikode-theft-arrest
SHARE

ഹാർഡ് വെയർ കടകളിൽ മാത്രം കവർച്ച നടത്തുന്ന സുഹൃത്തുക്കളായ സ്ത്രീയും പുരുഷനും കോഴിക്കോട് അറസ്റ്റിൽ. തമിഴ്നാട്ടുകാരായ കണ്ണനും മീനുവുമാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. നഗരപരിധിയിലെ വിവിധ സ്‌റ്റേഷനുകളിലായി പതിമൂന്ന് കവർച്ചയ്ക്കാണ് ഇതോടെ തുമ്പുണ്ടായത്. 

ഒരാഴ്ച മുൻപ് കണ്ണനും മീനുവും പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിലെ ഹാർഡ് വെയർ കടയിൽ കവർച്ചയ്ക്കെത്തുന്ന ദൃശ്യങ്ങളാണിത്. അവിടെ മാത്രമല്ല നഗരത്തിലെ ആറ് സ്‌റ്റേഷൻ പരിധിയിലായി പതിമൂന്നിടങ്ങളിലെ കടകൾ ഇരുവരും കുത്തിത്തുറന്നു. ബ്രാസ് നിർമിത ഉൽപ്പന്നങ്ങൾ മാത്രം കടത്തുന്നതായിരുന്നു ശീലം. കവർച്ചാ സാധനം കുറ്റിക്കാട്ടിലൊളിപ്പിച്ച് സാധാരണ യാത്രികരെന്ന പോലെ ബൈക്കിൽ മടങ്ങും. 

അടുത്ത ദിവസം മറ്റൊരു സംഘം വാഹനത്തിലെത്തി സാധനങ്ങൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. സുഹൃത്തുക്കളായ കണ്ണനും മീനുവും ഫറോഖിലെ താമസത്തിനിടെ ആർക്കും സംശയം തോന്നാത്ത മട്ടിൽ കവർച്ചാ പരമ്പര തുടരുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ തെളിവാകാതിരിക്കാൻ ക്യാമറ തകർക്കുന്നതിനൊപ്പം ഹാർഡ് ഡിസ്ക്കും കളവ് മുതലാക്കുന്നതായിരുന്നു ശൈലി. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുവരും ചേവായൂരിന് സമീപം പൊലീസിന്റെ പിടിയിലാകുന്നത്. തിരൂരങ്ങാടിയിലെ കട കുത്തിത്തുറന്ന് സാധനങ്ങളുമായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കണ്ണൻ ബൈക്കുപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.  പിന്നാലെയാണ് വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. 2002 ൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കണ്ണൻ നിരവധി കവർച്ച നടത്തിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് വീണ്ടും കോഴിക്കോട് കവർച്ചാ കേന്ദ്രമാക്കിയത്. കട തുറന്ന് സാധനമെടുത്ത് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചാൽ ഇവരുടെ പണി പൂർത്തിയായി. വിൽപന വരെയുള്ള അടുത്ത ഘട്ടങ്ങൾക്കായി പരിശീലനം ലഭിച്ച മറ്റ് സംഘങ്ങളുണ്ട്. ഇവർക്കായി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...