കോവിഡിന്റെ ഇളവില്‍ ജയിലില്‍ നിന്നിറങ്ങി; 2 വീട് എറിഞ്ഞ് തകർത്തു; 3 പേർക്ക് പരുക്ക്

kozhikode-roosina-house-att
SHARE

കോവിഡ് കാല ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവിന്റെ പരാക്രമത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രണ്ട് വീടുകള്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് മൂഴിക്കലിലാണ് ഏറെനാളായി യുവാവിന്റെ ആക്രമണത്തില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്.  

'രാത്രിയില്‍ സമാധാനത്തോടെ കിടന്നുറങ്ങാനാകുന്നില്ല. മക്കളെയും കൊണ്ട് പേടിയോടെയാണ് ഉറങ്ങാതിരിക്കുന്നത്. ഞങ്ങളുടെ വീട് ആക്രമിക്കുന്നത് പതിവാണ്. ഞങ്ങള്‍ക്ക് നീതി വേണം': സി.കെ.റുസീന പറയുന്നു.

റുസീനയുടെ മാത്രമല്ല ഉറക്കം നഷ്ടപ്പെട്ടത്. പിതാവ് മൂസക്കോയ, മാതാവ് ആമിന എന്നിവരും അഞ്ച് വര്‍ഷത്തിലധികമായി കണ്ണീരിലാണ്. ലഹരി ഉപയോഗം പതിവാക്കിയ അക്ഷയ് കണ്ണില്‍ കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുന്നതും പതിവെന്ന് ഇവര്‍ പറയുന്നു. പലതവണ അപായപ്പെടുത്താന്‍ ശ്രമിച്ചു. വീടെറിഞ്ഞ് തകര്‍ത്തു. കഴിഞ്ഞദിവസം കത്തികൊണ്ടുള്ള ആക്രമണത്തില്‍ മൂസക്കോയക്കും ആമിനയ്ക്കും പരുക്കേറ്റു. റൂസീനയുടെ വീടിന്റെ മേല്‍ക്കൂര കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു. മൂസക്കോയയുടെ വീടിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ആക്രമണസമയം വീട്ടിലുണ്ടായിരുന്ന കുട്ടികളുള്‍പ്പെടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.    

ലഹരികടത്ത്, ആക്രമണം, റയില്‍വേ ഗേറ്റ് കീപ്പറെ പരുക്കേല്‍പ്പിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പലപ്പോഴായി അക്ഷയ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പുറത്തിറങ്ങിയാലുടന്‍ പരാതി നല്‍കിയവരെ കണ്ടെത്തി ആക്രമണം തുടരുന്നതാണ് രീതി. നാട്ടുകാര്‍ പലതവണ താക്കീത് നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ആക്രണത്തിനിരയായ കുടുംബത്തിന് പൊലീസ് മതിയായ സുരക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...