കൂടത്തായി കേസിൽ വിചാരണ നാളെ മുതൽ; ജോളിക്കായി ബി.എ.ആളുർ

jolly-koodathai-serial-killer
SHARE

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസിന്റെ വിചാരണ നടപടികള്‍ക്ക് നാളെ തുടക്കമാകും. റോയ് തോമസ്, സിലി ഷാജു വധക്കേസിലെ വിചാരണയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുക. റോയ് വധത്തില്‍ ഭാര്യ ജോളിയുള്‍പ്പെടെ അഞ്ചും സിലിക്കേസില്‍ മൂന്നും പ്രതികളാണുള്ളത്.

റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് രണ്ട് കേസിലെയും ഒന്നാം പ്രതി. എം.എസ്.മാത്യു, പ്രജികുമാര്‍, കെ.മനോജ്കുമാര്‍, നോട്ടറി സി.വിജയകുമാര്‍ എന്നിവരാണ് റോയ് തോമസ് വധത്തിലെ മറ്റ് നാല് പ്രതികള്‍. കുടുംബ സ്വത്ത് കൈവശപ്പെടുത്തുന്നതിനായി ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നാണ് മരണമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. പ്രജികുമാര്‍ നല്‍കിയ സയനൈഡ് എം‌.എസ്.മാത്യുവാണ് ജോളിക്ക് കൈമാറിയത്. ജോളിയുമായി ചേര്‍ന്ന് വ്യാജ ഒസ്യത്ത് തയാറാക്കിയതിനാണ് മനോജ് കുമാറിനെ പ്രതിചേര്‍ത്തത്. വ്യാജമെന്നറിഞ്ഞിട്ടും ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതിനാണ് നോട്ടറിയെ അഞ്ചാം പ്രതിയാക്കിയത്. 

ഷാജുവിനെ സ്വന്തമാക്കുന്നതിനാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. മരുന്നില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. തളര്‍ന്ന് വീണ സിലിയെ ആശുപത്രിയിലെത്തിക്കാന്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എം.എസ്.മാത്യു, പ്രജികുമാര്‍ എന്നിവരാണ് സിലിക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.എന്‍.കെ.ഉണ്ണിക്കൃഷ്ണനും, ജോളിക്കായി ബി.എ.ആളൂരും ഹാജരാകും. 

MORE IN Kuttapathram
SHOW MORE
Loading...
Loading...